40,000 നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് നെതര്‍ലന്‍ഡ്‌സ്; കേരളത്തില്‍ നിന്ന് നല്‍കാമെന്ന് മുഖ്യമന്ത്രി

single-img
31 July 2019

നെതര്‍ലന്‍ഡ്‌സില്‍ വലിയതോതില്‍ നഴ്‌സുമാരുടെ ക്ഷാമം നേരിടുന്നുവെന്ന് ഇന്ത്യന്‍ സ്ഥാനപതി. ആവശ്യമായ നഴ്‌സുമാരുടെ സേവനം നല്‍കാന്‍ കേരളം തയാറെന്ന് മുഖ്യമന്ത്രിയുടെ മറുപടി. ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലന്‍ഡ്‌സ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

നെതര്‍ലന്‍ഡ്‌സില്‍ വലിയ തോതില്‍ നഴ്‌സുമാര്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും 30000- 40000 പേരുടെ ആവശ്യം ഇപ്പോള്‍ ഉണ്ടെന്നും സ്ഥാനപതി മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കേരളത്തിലെ നഴ്‌സുമാരുടെ സേവനം ഉറപ്പു നല്‍കിയത്. ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പറഞ്ഞു.

കേരളത്തിലെ നഴ്‌സുമാരുടെ അര്‍പ്പണബോധവും തൊഴില്‍ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് സ്ഥാനപതി പറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുറമുഖ വികസനവും സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തു.

ഇതിന്റെ ഭാഗമായി നെതര്‍ലന്‍ഡ്‌സ് രാജാവും രാജ്ഞിയും ഒക്ടോബര്‍ 17, 18 തീയതികളില്‍ കൊച്ചിയിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു. ഡച്ച് കമ്പനി ഭാരവാഹികള്‍, പ്രൊഫഷണലുകള്‍, സാങ്കേതിക വിദഗ്ദ്ധര്‍ അടങ്ങുന്ന 15-20 അംഗ പ്രതിനിധി സംഘവും കൂടെയുണ്ടാകും. 40 ഓളം പേരുടെ സാമ്പത്തിക ഡെലിഗേഷനും ദൗത്യത്തിന്റെ ഭാഗമാകും.

കൊച്ചിയില്‍ ജില്ലാ കളക്ടറും ഡല്‍ഹിയില്‍ റസിഡന്റ് കമ്മീഷണറും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കേരള സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പും നെതര്‍ലാന്‍ഡ്‌സ് ദേശീയ ആര്‍ക്കൈവ്‌സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ 20 ഓളം മ്യൂസിയങ്ങളും വികസിപ്പിക്കും.

നെതര്‍ലന്‍ഡ്‌സിലെ റോട്ടര്‍ഡാം പോര്‍ട്ടിന്റെ സഹകരണത്തോടെ അഴീക്കല്‍ തുറമുഖത്തിന്റെ രൂപകല്‍പനയ്ക്കും വികസനത്തിനും ധാരണയായി. നീണ്ടകരയിലും കൊടുങ്ങല്ലൂരുമുള്ള സമുദ്ര പഠനകേന്ദ്രങ്ങളെ ശക്തിപ്പെടുത്താനും ധാരണയായി. നെതര്‍ലന്‍ഡ്‌സ് ഡെലിഗേഷന്റെ ഒക്ടോബറിലെ സന്ദര്‍ശനവേളയില്‍ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കാനാകും.

നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശന വേളയില്‍ നെതര്‍ലന്‍ഡ്‌സുമായി സഹകരിച്ച് തുറമുഖ വികസനവും കേരളത്തിലെ ഡച്ച് ആര്‍ക്കൈവ്‌സിന്റെ വികസനവും നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് പുതിയ കാല്‍വെയ്പ്. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ പൂര്‍ത്തിയായിവരുകയാണെന്നും അദ്ദേഹത്തെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.