ഉന്നാവോ: ഇരയുടെ കുടുംബത്തിന്റെ നീക്കങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ബി.ജെ.പി എം.എല്‍.എയ്ക്ക് ചോര്‍ത്തി നല്‍കി; അപകടത്തില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശ

single-img
30 July 2019

ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചുണ്ടായ അപകടത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. അപകടവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു.

സംഭവത്തില്‍ ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് സേംഗര്‍ക്കെതിരേ കഴിഞ്ഞദിവസം കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എം.എല്‍.എ.യും സഹോദരന്‍ മനോജ് സേംഗറും ഉള്‍പ്പെടെ പത്തുപേര്‍ കേസില്‍ പ്രതിസ്ഥാനത്തുണ്ട്.

പെണ്‍കുട്ടിയുടെ അമ്മാവന്‍ റായ്ബറേലി ജയിലില്‍ക്കഴിയുന്ന മഹേഷ് സിങ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗുര്‍ബൂബ്ഗഞ്ച് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ജീവിച്ചിരിക്കണമെങ്കില്‍ കോടതിയില്‍ മൊഴി മാറ്റിപ്പറയണം എന്നു കുല്‍ദീപ് സെന്‍ഗര്‍ ജയിലില്‍നിന്നും ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.

വാഹനാപകടം തന്റെ കുടുംബത്തെ തുടച്ചുനീക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മയും ആരോപിച്ചിരുന്നു. കേസിലെ കൂട്ടുപ്രതിയുടെ മകനായ ഷാഹി സിംഗും മറ്റൊരാളും നേരത്തെ ഞങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. ഞങ്ങളെ കൈകാര്യം ചെയ്യുമെന്നായിരുന്നു ഭീഷണി: അവര്‍ പറഞ്ഞു.

എംഎല്‍എക്കെതിരായ ലൈംഗീക പീഡന കേസിലെ ഇരയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാരാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ തുടരുകയാണ്. ജയിലില്‍ക്കഴിയുന്ന അമ്മാവനെ സന്ദര്‍ശിക്കാനാണ് പെണ്‍കുട്ടിയും കുടുംബവും റായ്ബറേലിയിലേക്കു പോയത്.

കുടുംബത്തിന്റെ വിവരങ്ങള്‍ സുരക്ഷ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറിനെ അറിയിച്ചിരുന്നതായി എഫ്.ഐ.ആറില്‍ പറയുന്നു. ഞായറാഴ്ച അപകടമുണ്ടായ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥരൊന്നും കാറില്‍ കൂടെ പോയിരുന്നില്ല. ചോദിച്ചപ്പോള്‍ ഗണ്‍മാനായ സുരേഷ് പറഞ്ഞത് കാറില്‍ സ്ഥലമില്ലാത്തത് കൊണ്ട് കൂടെ പോയില്ലെന്നാണ്.

‘അഞ്ച് പേര്‍ പോകുന്നത് കൊണ്ട് പേടിക്കാനൊന്നുമില്ലെന്നും വൈകുന്നേരം തന്നെ തിരിച്ചെത്തുമെന്നും ആന്റി പറഞ്ഞിരുന്നു’ സുരേഷ് എന്‍.ഡി.ടി.വിയോട് പറഞ്ഞു. സാധാരണ കുടുംബത്തിനൊപ്പം പോവാറുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച കൂടെ പോയില്ലെന്ന് ഉന്നാവോ പൊലീസ് സൂപ്രണ്ട് മാധവ് പ്രസാദ് വര്‍മയും പറഞ്ഞു.