വലിയ ശബ്ദത്തോടെ ഇന്‍ഡിഗോ വിമാനം നിന്നു; പരിഭ്രാന്തരായി യാത്രക്കാര്‍; അവസാന നിമിഷം പറക്കല്‍ റദ്ദാക്കി പൈലറ്റ്

single-img
30 July 2019

ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെ വിമാനം പെട്ടെന്ന് നിര്‍ത്തിയത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ഭോപ്പാലില്‍നിന്ന് മുംബൈയിലേക്ക് യാത്രതിരിച്ച ഇന്‍ഡിഗോ വിമാനമാണ് അവസാന നിമിഷം ടേക്ക് ഓഫ് റദ്ദാക്കിയത്. കഴിഞ്ഞദിവസം വൈകിട്ട് ഭോപ്പാല്‍ രാജാഭോജ് വിമാനത്താവളത്തിലായിരുന്നു സംഭവം.

വിമാനത്തില്‍ 155 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ ഭോപ്പാല്‍ സ്റ്റേഷന്‍ മാനേജര്‍ പറഞ്ഞു. തകരാറുകള്‍ പരിഹരിച്ചതിനുശേഷം അതേ വിമാനം മുംബൈയിലേക്ക് പറന്നു. വിമാനം പറക്കാന്‍ തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് പൈലറ്റ് പറക്കല്‍ അവസാനിപ്പിക്കുകയായിരുന്നു.

അമിതവേഗതയില്‍ നീങ്ങുന്നതിനിടെ വലിയ ശബ്ദത്തോടെ വിമാനം പെട്ടന്ന് നില്‍ക്കുകയായിരുന്നു. ഇത് കണ്ട് ഭയന്നുപോയെന്ന് യാത്രക്കാര്‍ പറഞ്ഞു. വിമാനത്തിന്റെ ചക്രങ്ങളിലെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കിയതെന്ന് ഇന്‍ഡിഗോ ഭോപ്പാല്‍സ്റ്റേഷന്‍ മാനേജര്‍ ഏക്ത ശ്രീവാസ്തവ പിന്നീട് അറിയിച്ചു.