‘ഹിന്ദുവായ എന്റെ യഥാര്‍ത്ഥ സഹോദരിയാണ് മാമുക്കോയയുടെ ആലയിലിരുന്ന് ചിരിക്കുന്നതെന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്’: സംഘപരിവാറിനെ ട്രോളി ഹരീഷ് പേരടി

single-img
30 July 2019

തിരുവനന്തപുരം: മുസ്‌ലിംകളുടെ വീടുകളിലെ പശുക്കളെ പിടിച്ചെടുക്കണമെന്ന ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശത്തെ ട്രോളി സിനിമാ താരം ഹരീഷ് പേരടിയുടെ കുറിപ്പ്. സിനിമാതാരം മാമുക്കോയയുടെ കൂടെയുള്ള ചിത്രത്തിന് ഒപ്പമാണ് ഹരീഷ് കുറിപ്പ് പങ്കുവെച്ചത്.

‘ഞാനിത്രയും കാലം ഈ മന്യഷ്യനെ ഇക്കാ ഏട്ടാ…എന്നൊക്കെ വിളിക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ വീട്ടിലെ പശു എന്നെ നോക്കി ചിരിക്കുമായിരുന്നു’ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പേരടി സംഘപരിവാറിനെതിരെ രംഗത്തെത്തിയത്.

മാമുക്കോയയെ അല്ല മാമുക്കോയയുടെ പശുവിനെയാണ് ഞാന്‍ സ്‌നേഹിക്കേണ്ടത് എന്ന പുതിയ അറിവ് എന്നിലേക്ക് പകര്‍ന്ന് തന്ന സഹോദരങ്ങളോടുള്ള നന്ദി എങ്ങിനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് അറിയില്ലായെന്നും കുറിപ്പിലൂടെ പേരടി പരിഹസിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഞാനിത്രയും കാലം ഈ മന്യഷ്യനെ ഇക്കാ… എട്ടാ… എന്നൊക്കെ വിളിക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ വീട്ടിലെ പശു എന്നെ നോക്കി ചിരിക്കുമായിരുന്നു … ഹിന്ദുവായ എന്റെ യഥാര്‍ത്ഥ സഹോദരിയാണ് മാമുക്കോയയുടെ ആലയിലിരുന്ന് ചിരിക്കുന്നത് എന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്.

മാമുക്കോയയെ അല്ല മാമുക്കോയയുടെ പശുവിനെയാണ് ഞാന്‍ സ്‌നേഹിക്കേണ്ടത് എന്ന പുതിയ അറിവ് എന്നിലേക്ക് പകര്‍ന്ന് തന്ന സഹോദരങ്ങളോടുള്ള എന്റെ നന്ദി എങ്ങിനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ലാ… ഹിന്ദുക്കളായ ദാസനെയും വിജയനെയും ദുബായിയാണെന്ന് പറഞ്ഞ് പറ്റിച്ച് മദ്രാസില്‍ ഇറക്കിവിട്ടതിനുള്ള ശിക്ഷ ഞാനി മനുഷ്യന്റെ പശുവിനെ അടിച്ച് മാറ്റി പകരം വീട്ടും… ജയ് പശു … ജയ് ചാണകം …ജയ് പിണ്ണാക്ക് …