നാളെ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്

single-img
30 July 2019

ദേശ വ്യാപകമായി ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മണി മുതല്‍ 24 മണിക്കൂറാണ് സമരം.

24 മണിക്കൂര്‍ പണിമുടക്കില്‍ നിന്ന് അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും മാത്രം ഒഴിവാക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യുന്നതിന് മുമ്പ് അവസാനവര്‍ഷ ദേശീയ പരീക്ഷയ്ക്ക് ശുപാര്‍ശയുള്ള മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ഇന്നലെ ലോക്‌സഭയില്‍ പാസ്സാക്കിയിരുന്നു.

സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ അമ്പത് ശതമാനം സീറ്റുകളിലെ ഫീസിന്റെ മാനദണ്ഡം, കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. എംബിബിഎസ് അവസാന വര്‍ഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും എന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇതേ പരീക്ഷയുടെ മാര്‍ക്കാവും എംഡി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനും ആധാരം. ദേശീയതല മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തിലാവും എയിംസ് ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം.

പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്പുകള്‍ക്കും, മിഡ് ലെവല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ ഡോക്ടര്‍മാരല്ലാത്ത വിദഗ്ധര്‍ക്കും നിയന്ത്രിത ലൈസന്‍സ് നല്‍കും. 25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാവും മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി.

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇല്ലാതാകും. പകരം മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മെഡിക്കല്‍ കമ്മീഷനു കീഴില്‍ സ്വതന്ത്ര ബോര്‍ഡുകള്‍ സ്ഥാപിക്കും. സംസ്ഥാനങ്ങള്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ സ്ഥാപിക്കണം എന്നിങ്ങനെ നീളുന്നു ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലെ വ്യവസ്ഥകള്‍.