ബ്രസീല്‍ ജയിലില്‍ ചേരിതിരിഞ്ഞ് അടി; 57 മരണം; 16 പേരുടെ തലയറുത്തു

single-img
30 July 2019

ബ്രസീലിലെ ജയിലിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 57 തടവുകാർ കൊല്ലപ്പെട്ടു. ബ്രസീലിലെ അൽതാമിറ ജയിലിലാണ് കുപ്രസിദ്ധ മാഫിയ സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെയാണ് ജയിലിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.

സംഘര്‍ഷം അഞ്ച് മണിക്കൂറോളം നീണ്ടു. 16 മൃതദേഹങ്ങള്‍ തലവെട്ടി മാറ്റിയ നിലയിലായിരുന്നു. ഒരു വിഭാഗം ജയിലിന് തീവച്ചതിനെ തുടർന്ന് നിരവധി പേർ ശ്വാസം മുട്ടിയും മരിച്ചു. രണ്ട് ജയിൽ ജീവനക്കാരെ കലാപകാരികൾ തടഞ്ഞുവച്ചെങ്കിലും പിന്നീട് വിട്ടയച്ചുവെന്ന് സർക്കാർ അറിയിച്ചു.

മാഫിയ സംഘങ്ങളുടെ കുടിപ്പകയാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് അധികൃതർ പറഞ്ഞു. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഇതുസംബന്ധിച്ച് ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചിട്ടില്ലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ബ്രസീലില്‍ ഏറ്റവും കൂടുതല്‍ തടവുകാരുള്ള ജയിലുകളിലൊന്നാണ് പാരസ്റ്റേറ്റിലെ അള്‍ട്ടമിറ ജയില്‍.