കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി; ഭരണഘടനാ വിരുദ്ധമെന്ന് സിദ്ധരാമയ്യ

single-img
29 July 2019

കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് പാസായത്. 106 അംഗങ്ങളുടെ പിന്തുണയാണ് ബി.ജെ.പിക്ക് നിയമസഭയിലുള്ളത്. കോണ്‍ഗ്രസ്‌ജെ.ഡി.എസ് സഖ്യത്തിന് 99.

നിരവധി നാടകങ്ങള്‍ അരങ്ങേറിയ കര്‍ണാടകയില്‍ അപ്രതീക്ഷിതമായൊന്നും നടക്കാതെയാണ് ബി.ജെ.പിയും യെദ്യൂരപ്പയും വിശ്വാസവോട്ട് നേടിയത്. രാവിലെ പത്തിന് സഭ ചേര്‍ന്ന ശേഷമായിരുന്നു വിശ്വാസവോട്ടെടുപ്പ്. ഇന്നലെ 14 വിമതരെ കൂടി അയോഗ്യരാക്കിയതോടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിയ്ക്കുമെന്ന ആത്മവിശ്വാസം ബി.ജെ.പിയ്ക്കുണ്ടായിരുന്നു.

അതേസമയം, ബിജെപി ഭരണഘടനാ വിരുദ്ധമായാണ് സര്‍ക്കാര്‍ രൂപീകരിച്ചതെന്ന് വിശ്വാസപ്രമേയത്തെ എതിര്‍ത്ത സിദ്ധരാമയ്യ തുറന്നടിച്ചു. കര്‍ണാടകത്തിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം ബി.ജെ.പിയാണ്. ബിജെപി ജനാധിപത്യ വിരുദ്ധമായി രൂപീകരിച്ച സര്‍ക്കാരാണിത്. അതിനാല്‍ വിശ്വാസ വോട്ടിനെ പിന്തുണക്കുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

വിമതരെ കൊണ്ടു പോയ ബി.ജെ.പിയാണെന്നും അവരെ പെരുവഴിയില്‍ ഇറക്കി നിര്‍ത്തിയതും നിങ്ങളാണെന്ന് മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. ബി.ജെ.പി എം.എല്‍.എമാരുടെ എണ്ണം കുറക്കുന്ന നടപടിയുമായി ഞങ്ങള്‍ പോകില്ല. എത്രകാലം ഇവരെ കൊണ്ടു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കും. ജനാധിപത്യത്തെ സംരക്ഷിക്കുന്ന നടപടിയാണ് സ്പീക്കര്‍ സ്വീകരിച്ചിട്ടുള്ളതെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി.

ഭൂരിപക്ഷം തെളിയിച്ചതോടെ മന്ത്രിസഭയിലെ അംഗങ്ങളെയും വകുപ്പുകളും പ്രഖ്യാപിക്കാനുള്ള നടപടിയിലേക്ക് കടന്നിരിക്കുകയാണ് ബി.ജെ.പി. വിശ്വാസവോട്ടിന് പിന്നാലെ ധനബില്ലിന് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ വിമത എംഎല്‍എമാര്‍ അയോഗ്യതാ നടപടിക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചേക്കും. സ്പീക്കര്‍ അയോഗ്യരാക്കിയ 13 വിമത എംഎല്‍എമാരാണ് ഹര്‍ജിയുമായി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രമേശ് ജാര്‍ക്കിഹോളി, മഹേഷ് കുമ്ടഹള്ളി, സ്വതന്ത്രനായ ആര്‍ ശങ്കര്‍ എന്നിവര്‍ നേരത്തേ അയോഗ്യത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വ്യാഴാഴ്ചയാണ് ഇവരെ സ്പീക്കര്‍ അയോഗ്യരാക്കിയത്.