യെദിയൂരപ്പ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും

single-img
29 July 2019

കര്‍ണാടകത്തില്‍ യെദിയൂരപ്പ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കും. 17 വിമത എംഎല്‍എമാരും അയോഗ്യരായതോടെ കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപിക്ക് ഉറപ്പാണ്. സ്വതന്ത്രന്‍ എച്ച് നാഗേഷും പ്രമേയത്തെ പിന്തുണച്ചേക്കും.

ധനകാര്യ ബില്ലും ഇന്ന് മേശപ്പുറത്ത് വെക്കും. സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാറിനെ നീക്കാന്‍ ബിജെപി പ്രമേയം കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ധനകാര്യ ബില്ലിന്‍മേലുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ രാജിവക്കുമെന്ന സൂചന കെ ആര്‍ രമേഷ് കുമാര്‍ ഇന്നലെ നല്‍കിയിരുന്നു.

അതേസമയം സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അയോഗ്യനാക്കപ്പെട്ട ജെഡിഎസ് വിമത എംഎൽഎ എ.എച്ച്. വിശ്വനാഥ് പ്രതികരിച്ചു. നടപടി നിയമവിരുദ്ധമാണ്. അയോഗ്യരാക്കിയതു പരിശോധിക്കണമെന്നാവശ്യപ്പെട്ടു ഞാനും മറ്റ് എംഎൽഎമാരും തിങ്കളാഴ്ച തന്നെ സുപ്രീം കോടതിയെ സമീപിക്കും– വിശ്വനാഥ് പ്രതികരിച്ചു.

വിപ്പ് പ്രകാരം എംഎൽഎമാരെ സഭയിൽ നിർബന്ധിച്ചു കൊണ്ടുവരാൻ സ്പീക്കർക്കു സാധിക്കില്ല. നിയമസഭയിലെത്തിയില്ലെന്നു പറഞ്ഞ് 20 അംഗങ്ങളെയാണ് സ്പീക്കർ അയോഗ്യരാക്കിയതെന്നും വിശ്വനാഥ് വ്യക്തമാക്കി. അയോഗ്യരാക്കപ്പെട്ട മസ്കി പ്രതാപ് ഗൗഡ പാട്ടീൽ, മുനിരത്ന എന്നിവരും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചിട്ടുണ്ട്. 11 കോൺഗ്രസ് എംഎൽഎമാരെയും മൂന്ന് ജെ‍ഡിഎസ് എംഎൽഎമാരെയുമാണ് ഞായറാഴ്ച കർണാടക നിയമസഭാ സ്പീക്കർ അയോഗ്യരാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച മൂന്ന് കോൺഗ്രസ് നിയമസഭാംഗങ്ങളെയും സ്പീക്കർ അയോഗ്യരാക്കിയിരുന്നു.