നാഥനില്ലാത്ത അവസ്ഥയൊന്നും കോണ്‍ഗ്രസിനില്ല; തരൂരിന് മറുപടിയുമായി കെസി വേണുഗോപാല്‍

single-img
29 July 2019

കോണ്‍ഗ്രസിന് നാഥനില്ലാത്ത അവസ്ഥയില്ലെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ശശി തരൂര്‍ എം.പിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായാണ് കെ സി വേണുഗോപാല്‍ രംഗത്തെത്തിയത്.

പറയുന്ന തരത്തിലുള്ള പ്രതിസന്ധിയൊന്നും കോണ്‍ഗ്രസ് തലപ്പത്തില്ല. അതുകൊണ്ടു തന്നെ തരൂരിന്റെ പ്രതികരണം സ്വാഭാവികമായി കണ്ടാല്‍ മതിയെന്നും കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ കാര്യങ്ങളെല്ലാം നടന്ന് പോകുന്നുണ്ട്. തീരുമാനങ്ങളെല്ലാം എടുക്കുന്നുണ്ട്. അടുത്ത പ്രസിഡന്റ് വരുന്നത് വരെ ചുമതലകള്‍ നിര്‍വ്വഹിക്കുമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുള്ളതെന്നും അത് അനുസരിച്ച് കാര്യങ്ങളെല്ലാം നടക്കുന്നുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

അധ്യക്ഷന്‍ ചുമതലയൊഴിഞ്ഞാല്‍ പിന്നെ കോണ്‍ഗ്രസ് ഭരണഘടനയനുസരിച്ച് പ്രവര്‍ത്തക സമിതിക്കാണ് അധികാരം. അതനുസരിച്ച് പ്രവര്‍ത്തക സമിതി അടിയന്തരമായി യോഗം ചേരും. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാലാണ് വര്‍ക്കിംഗ് കമ്മിറ്റി വൈകിയതെന്നും കെസി വേണുഗോപാല്‍ വിശദീകരിച്ചു.