50ഓളം കോണ്‍ഗ്രസ് എന്‍സിപി എംഎല്‍എമാര്‍ ബിജെപിയിലെത്തും: വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്‍

single-img
29 July 2019

ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് നിരവധി കോണ്‍ഗ്രസ് എന്‍സിപി എംഎല്‍എമാര്‍ ബിജെപിയിലേക്ക് എത്തുമെന്നു മുതിര്‍ന്ന ബിജെപി നേതാവും മഹാരാഷ്ട്ര ജലവിഭവ മന്ത്രിയുമായ ഗിരീഷ് മഹാജന്‍. 50ഓളം കോണ്‍ഗ്രസ് എന്‍സിപി എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കിലാണ്, അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ എന്‍സിപിയും ദുര്‍ബലമാകുമെന്നും മഹാജന്‍ പറഞ്ഞു. എംഎല്‍എമാര്‍ക്ക് പുറമേ ഒരു പറ്റം കോര്‍പ്പറേഷന്‍ അംഗങ്ങളും ബിജെപിയിലേക്ക് ചേക്കേറാനുള്ള തീരുമാനത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നവി മുംബൈ മേയര്‍ എന്‍സിപിയുടെ സന്ദീപ് നായിക്കിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍ നിരവധി അംഗങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് സന്ദീപ് ബിജെപിയില്‍ ചേരണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചെന്നാണ് വിവരം.

അങ്ങനെ സംഭവിച്ചാല്‍ ബിജെപിക്ക് ശക്തനായ ഒരു സ്ഥാനാര്‍ഥിയെ മാത്രമല്ല ലഭിക്കുക, മറിച്ച് തദ്ദേശഭരണവും ബിജെപിയുടെ കൈയ്യിലെത്തും. ഇത് പരമ്പരാഗതമായി നവി മുംബൈയുടെ ഭരണം കൈയിലുള്ള എന്‍സിപിക്ക് വന്‍ തിരിച്ചടിയാകും.

അതേസമയം, കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും നേതാക്കന്മാരെ തകര്‍ക്കാന്‍ ബിജെപി സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍ ആരോപിച്ചു. എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ ഹസന്‍ മുസ്‌റഫിന്റെ വീട്ടില്‍ ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തിലായിരുന്നു പവാറിന്റെ പ്രസ്താവന.

എന്നാല്‍ പവാര്‍ താന്‍ നേരിട്ട രാഷ്ട്രീയ പരാജയം മറയ്ക്കാനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് ഗിരീഷ് മഹാജന്‍ പറഞ്ഞു. മുസ്‌റഫിന്റെ വീട്ടില്‍ നടന്ന പരിശോധന തീര്‍ത്തും നിയമപരമാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും ഗിരീഷ് കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ വിശ്വസ്തനാണ് ഗിരീഷ് മഹാജന്‍.

2014 ലെ തിരഞ്ഞെടുപ്പില്‍ 288 സീറ്റുള്ള മഹാരാഷ്ട്രയില്‍ 122 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. ശിവസേനയ്ക്ക് 63 സീറ്റുകള്‍ ലഭിച്ചു. കോണ്‍ഗ്രസിനും എന്‍സിപിക്കും യഥാക്രമം 42, 41 സീറ്റുകളാണ് ലഭിച്ചത്.