ബിനോയ് കോടിയേരിക്ക് തിരിച്ചടി; നാളെ തന്നെ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകണം

single-img
29 July 2019

ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയില്‍ ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധന നാളെ നടക്കും. പരിശോധനയ്ക്ക് ബിനോയി രക്തസാമ്പിള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. പരിശോധനാ ഫലം മുദ്രവച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാണെന്നും പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ബിനോയി കോടിയേരി കോടതിയെ അറിയിച്ചു.

ഓഷ്വാര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ബിനോയ് കോടിയേരി ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇതോടെയാണ് ചൊവ്വാഴ്ച തന്നെ രക്തസാമ്പിള്‍ നല്‍കാനും രണ്ടാഴ്ചയ്ക്കുള്ളില്‍ ഡി.എന്‍.എ. പരിശോധനഫലം ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കിയത്.

കേസില്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ. പരിശോധന ആവശ്യമാണെന്നായിരുന്നു പോലീസിന്റെ വാദം. ഡി.എന്‍.എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ ആവശ്യപ്പെട്ടപ്പോള്‍ ബിനോയ് കോടിയേരി വിസമ്മതിച്ചെന്നും പോലീസ് കോടതിയെ അറിയിച്ചു. നേരത്തെ രക്തസാമ്പിള്‍ ആവശ്യപ്പെട്ടപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നായിരുന്നു ബിനോയിയുടെ വാദം. പിന്നീട് ഹൈക്കോടതിയില്‍ ഹര്‍ജി പരിഗണിക്കാനുണ്ടെന്ന കാരണം പറഞ്ഞും ബിനോയ് ഡി.എന്‍.എ പരിശോധനയില്‍നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.