അമ്പൂരി കൊലപാതകക്കേസില്‍ പൊലീസിനെ ഞെട്ടിച്ച് മുഖ്യപ്രതി അഖിലിന്റെ മൊഴി; തെളിവെടുപ്പിനിടെ സംഘര്‍ഷം

single-img
29 July 2019

അമ്പൂരി കൊലപാതക കേസില്‍ മുഖ്യപ്രതി അഖിലിനെ സംഭവ സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചു. പ്രതിയെ കണ്ടപ്പോള്‍ തന്നെ നാട്ടുകാര്‍ കൂവി വിളിച്ച് ബഹളം വച്ചു. അഖിലിന് നേരെ കല്ലേറും ഉണ്ടായി. പൊലീസ് വാഹനം തടഞ്ഞുവക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയപ്പോള്‍ നാട്ടുകാരെ പൊലീസ് ലാത്തിവീശി ഓടിച്ചു. തെളിവെടുപ്പ് തടസപ്പെടുത്തരുതെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടും പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്ത സാഹചര്യവും ഉണ്ടായി. അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നും അവരെ കൂടി അറസ്റ്റ് ചെയ്ത ശേഷം മതി തെളിവെടുപ്പെന്നും ആക്രോശിച്ചാണ് ജനക്കൂട്ടം അക്രമാസക്തരായത്.

അതേസമയം, കൈത്തണ്ട ഉപയോഗിച്ചു കഴുത്തു ഞെരിച്ചും കാറിലെ സീറ്റ് ബെല്‍റ്റിട്ടു മുറുക്കിയുമാണു കൃത്യം നടത്തിയതെന്ന് അഖില്‍ മൊഴി നല്‍കി. തന്നെ കൊന്നുകളഞ്ഞാലും ഈ ബന്ധത്തില്‍ നിന്നു പിന്മാറില്ലെന്നു രാഖി മോള്‍ പറഞ്ഞപ്പോഴാണു കൊലപ്പെടുത്തിയതെന്നും ഇയാള്‍ പൂവാര്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

കാട്ടാക്കട അമ്പൂരി തട്ടാന്‍മുക്കില്‍ നിര്‍മാണം നടക്കുന്ന വീടിന്റെ വളപ്പിലാണു കുഴിച്ചിട്ട നിലയില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. ഓടുന്ന കാറില്‍ വച്ചായിരുന്നു കൊലയെന്നും പ്രതി വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ചു പൊലീസ് ഭാഷ്യം:

പൂവാര്‍ പുത്തന്‍കട ജോയിഭവനില്‍ രാജന്റെ മകള്‍ രാഖി മോളു(30)മായി ദീര്‍ഘകാല പ്രണയത്തെ തുടര്‍ന്നു രഹസ്യമായി വിവാഹം കഴിച്ച അഖില്‍ മറ്റൊരു യുവതിയുമായി വിവാഹം തീരുമാനിച്ചതിനെത്തുടര്‍ന്നാണു രാഖിയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. രാഖിയെ കാറില്‍ കയറ്റി കൊണ്ടുവരുമ്പോള്‍ അമ്പൂരിയില്‍ കാത്തുനിന്നിരുന്ന രാഹുല്‍ പിന്‍സീറ്റില്‍ കയറി. ഇയാള്‍ക്കൊപ്പം കാത്തുനിന്നിരുന്ന ആദര്‍ശ് ഇരു ചക്രവാഹനത്തില്‍ മടങ്ങി.

കുമ്പിച്ചല്‍ എന്ന ഭാഗത്തെത്തിയപ്പോള്‍ കാര്‍ നിര്‍ത്തി അഖില്‍ പിന്‍സീറ്റില്‍ കയറി. പിന്നീടു രാഹുലാണു കാര്‍ ഓടിച്ചത്. രാഖി അനുനയത്തിനു തയാറാകുന്നില്ലെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നു തന്നെ ഭീഷണിപ്പെടുത്തിയെന്നും അഖില്‍ ജ്യേഷ്ഠനോടു പറഞ്ഞു. ‘എങ്കില്‍ പിന്നെ കൊന്നോട്ടെ’ എന്ന ചോദ്യത്തിനു ‘കൊന്നോളാന്‍’ രാഖി മറുപടി നല്‍കിയെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു. യുവതി പിന്മാറിയിരുന്നെങ്കില്‍ കൊല്ലുമായിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞു.

മുന്‍ സീറ്റിലിരുന്ന രാഖിയെ പിന്നില്‍ നിന്ന് ആദ്യം കൈത്തണ്ട കൊണ്ടു കഴുത്തു ഞെരിച്ചുവെന്നും കൈ കഴച്ചപ്പോള്‍ സീറ്റ് ബെല്‍റ്റിട്ടു മുറുക്കിയെന്നുമാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞത്. കഴുത്തു ഞെരിക്കുന്നതിനിടെ രാഖി എന്തോ പറഞ്ഞതു വ്യക്തമായില്ല. നിലപാടു മാറ്റിയതാണെങ്കിലോ എന്ന പൊലീസിന്റെ ചോദ്യത്തിന്, ‘കൈവച്ചു പോയില്ലേ, തീര്‍ക്കാമെന്നു കരുതി’ എന്നായിരുന്നു അഖിലിന്റെ മറുപടി. തുടര്‍ന്നു വീട്ടിലെത്തി മരണം ഉറപ്പാക്കാന്‍ ജ്യേഷ്ഠനും അനുജനും ചേര്‍ന്നു സീറ്റ് ബെല്‍റ്റിട്ടു മുറുക്കിയെന്നും വീഴാതിരിക്കാന്‍ പ്ലാസ്റ്റിക് കയറിട്ടു സീറ്റിനോടു ചേര്‍ത്തു കെട്ടിയെന്നും പൊലീസ് അറിയിച്ചു.

അതേസമയം, രാഖിയുടെ കൊലപാതകത്തിന്റെയും അതിനുപിന്നിലെ സംഭവങ്ങളുടെയും ചുരുളഴിച്ചത് അച്ഛന്‍ രാജന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ്. കാണാതായവരുടെ കൂട്ടത്തില്‍ എഴുതിത്തള്ളേണ്ട പരാതിയാണ് ക്രൂരമായ കൊലപാതകമെന്നു കണ്ടെത്തിയത്.

രാഖിയുടെ മൃതദേഹം കണ്ടെത്തിയ ജൂലായ് 24വരെ മകള്‍ തിരിച്ചെത്തുമെന്ന വിശ്വാസത്തിലായിരുന്നു രാജന്‍. ജൂണ്‍ 21ന് വീട്ടില്‍നിന്നു പോകുമ്പോള്‍ രാഖി സന്തോഷവതിയായിരുന്നു. രാഖി എറണാകുളത്ത് എത്തിയശേഷം വീട്ടുകാരെ വിളിക്കാത്തതാണ് സംശയത്തിന് ഇടനല്‍കിയത്.

താന്‍ ജൂലായ് ആറിനാണു മകളെ കാണാനില്ലെന്നു കാണിച്ച് പൂവാര്‍ പോലീസില്‍ പരാതി നല്‍കിയതെന്ന് രാജന്‍ പറയുന്നു. ആദ്യഘട്ടത്തില്‍ പോലീസ് കാര്യമായി അന്വേഷിച്ചില്ല. തുടര്‍ന്ന് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ചെയ്തു. തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമായതെന്നും രാജന്‍ പറഞ്ഞു.

രാഖി വീട്ടില്‍നിന്നുപോയ ശേഷം വീട്ടിലെ ആരെയും ഫോണില്‍ വിളിച്ചില്ല. കൂടാതെ വാട്‌സാപ്പും 21നുശേഷം ഉപയോഗിച്ചതായി കണ്ടില്ലെന്ന് ബന്ധുക്കളും കൂട്ടുകാരും പറഞ്ഞു. ഇതിനിടെ രാഖിയുടെ ഫോണില്‍നിന്ന് കോള്‍ വന്നെങ്കിലും മറുതലയ്ക്കല്‍ നിന്ന് സംസാരം ഉണ്ടായില്ല. ഇതും സംശയമുണ്ടാക്കി. എറണാകുളത്തെ കമ്പനിയില്‍ അന്വേഷിച്ചപ്പോള്‍ അവിടെയെത്തിയില്ല എന്നറിഞ്ഞു. പിന്നീടാണ് പോലീസില്‍ പരാതിയുമായി എത്തിയത്. അന്വേഷിക്കുന്നു എന്ന മറുപടിയാണ് പോലീസില്‍നിന്നു ലഭിച്ചത്. തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്.