കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ ട്രാക്കില്‍ കുടുങ്ങി; ഏഴുന്നൂറോളം യാത്രക്കാരെ രക്ഷപ്പെടുത്താന്‍ രണ്ടു സൈനിക ഹെലികോപ്റ്ററുകളും ദേശീയ ദുരന്ത നിവാരണ സേനയുടെ ആറു ബോട്ടുകളും

single-img
27 July 2019

കനത്ത മഴ തുടരുന്ന മുംബൈയിലെ ബദലാപൂരില്‍ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ കുടുങ്ങി. തിരുപ്പതിയില്‍ നിന്ന് കോലാപൂര്‍ വഴി മുംബൈയിലേക്ക് പോവുകയായിരുന്ന മഹാലക്ഷ്മി എക്‌സ്പ്രസാണ് ട്രാക്കില്‍ കുടുങ്ങിയത്. യാത്രക്കാര്‍ എല്ലാരും സുരക്ഷിതരാണ്.

ട്രെയിനില്‍ അകപ്പെട്ട700 യാത്രക്കാരെ ആകാശമാര്‍ഗം രക്ഷപ്പെടുത്താന്‍ മഹാരാഷ്ട്രസര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ സേന(എന്‍.ഡി.ആര്‍.എഫ്)യുടെ സഹായം തേടിയിട്ടുണ്ട്. ഇതുവരെ ഏഴ് യാത്രക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് എന്‍.ഡി.ആര്‍.എഫ് കണ്‍ട്രോള്‍ റൂം അറിയിച്ചു.

ട്രെയിനിനു ചുറ്റും ആറടിയോളം വെള്ളക്കെട്ടാണു രൂപപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ട്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന യാത്രികര്‍ തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നിരവധി മണിക്കൂറുകളായി വെള്ളമോ ഭക്ഷണമോ ഇല്ലാത്ത അവസ്ഥയിലാണെന്നു യാത്രികര്‍ പറഞ്ഞു. രക്ഷപ്പെടാനായി വെള്ളത്തിലേക്ക് ഇറങ്ങരുതെന്ന് റെയില്‍വേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

സംഭവം ചര്‍ച്ചയായതിനെ തുടര്‍ന്നാണ് രണ്ടു സൈനിക ഹെലികോപ്റ്ററുകളും ആറു ബോട്ടുകളും അയയ്ക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ഏക്‌നാഥ് ഗെയ്ക്‌വാദ് അറിയിച്ചു. റബര്‍ ബോട്ടുകളുമായി ദുരന്ത നിവാരണ സേനയുടെ ആറു സംഘങ്ങളെത്തും.

കനത്ത മഴയില്‍ നദികള്‍ കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ബാദല്‍പുര്‍, ഉല്‍ഹാസ്‌നഗര്‍, വാന്‍ഗായ് തുടങ്ങിയ മേഖലകള്‍ വെള്ളത്തിലായി. കനത്ത മഴ റോഡ്‌റയില്‍വ്യോമ ഗതാഗത സംവിധാനങ്ങളെ രൂക്ഷമായി ബാധിച്ചു. ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടു. റണ്‍വേയിലെ കാഴ്ചപരിധി കുറഞ്ഞതിനെ തുടര്‍ന്ന് 17 രാജ്യാന്തര വിമാനങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ സര്‍വീസുകള്‍ വൈകി.

നഗരത്തിന്റെ ജീവനാഡിയായ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ പലതും പാതിവഴിയില്‍ നിര്‍ത്തലാക്കി. സെന്‍ട്രല്‍ ലൈനില്‍പ്പെട്ട ബദലാപുര്‍ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമില്‍ വെള്ളം കയറി. ഖഖറില്‍ രണ്ടുനില കെട്ടിടത്തിന്റെ മതില്‍ഇടിഞ്ഞുവീണെങ്കിലും ആളപായമില്ല.

ജനങ്ങള്‍ വെള്ളക്കെട്ടുകളില്‍ ഇറങ്ങരുതെന്നും തീരമേഖലയില്‍നിന്ന് അകലം പാലിക്കണമെന്നും മുംബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. മണ്‍സൂണിനു പുറമേ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് കനത്ത മഴയ്ക്കു കാരണമെന്നും 48 മണിക്കൂര്‍ കൂടി മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊങ്കണ്‍ ഉള്‍പ്പടെയുള്ള മഹാരാഷ്ട്രയിലെ മറ്റ് മേഖലകളിലും മഴ തുടരുകയാണ്.