നെഹ്‌റു കോളേജിന്റെ പ്രതികാര നടപടി വീണ്ടും; ജിഷ്ണു പ്രണോയുടെ ചിത്രം പതിച്ച കാര്‍ഡ് വിതരണം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

single-img
27 July 2019

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കോളേജിലേക്ക് സ്വാഗതം ചെയ്ത് ജിഷ്ണു പ്രണോയിയുടെ ചിത്രമടക്കമുള്ള വെല്‍കം കാര്‍ഡും മധുരവും വിതരണം ചെയ്ത അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടിയുമായി പാമ്പാടി നെഹ്‌റു കോളേജ്. കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അടക്കം ഏഴ് വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു.

പഠിപ്പിച്ചുകൊണ്ടിരിക്കെ ക്ലാസില്‍ അതിക്രമിച്ചു കയറി അധ്യാപകരോട് കയര്‍ത്തു എന്നാണ് സസ്‌പെന്‍ഷന്റെ കാരണമായി ഉത്തരവില്‍ പറയുന്നത്. 

അധ്യാപകരോട് അപമര്യാദയായി പെരുമാറിയെന്ന് മാനേജ്‌മെന്റ് വിശദീകരിക്കുമ്പോഴും ജിഷ്ണുവിന്റെ ചിത്രംവെച്ച കാര്‍ഡ് പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തതാണ് സസ്‌പെന്‍ഷന് കാരണമെന്ന് പരാതിക്കാരനായ അധ്യാപകന്‍ പറയുന്ന ശബ്ദരേഖ പുറത്തു വന്നു.

നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്ക് മധുരം നല്‍കി സ്വീകരിച്ച രണ്ട് എബിവിപി നേതാക്കളും സസ്‌പെന്‍ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കോളേജില്‍ നിരന്തര സമരത്തിന്റെ ഭാഗമായി നേടിയെടുത്ത സംഘടന സ്വാതന്ത്ര്യമടക്കം അട്ടിമറിക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. നെഹ്‌റു കോളേജ് മാനേജ്‌മെന്റ് നടപടിക്കെതിരെ സമരം തുടങ്ങുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.