നിയമസഭാ തെരഞ്ഞെടുപ്പ്; ബംഗാളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കോൺഗ്രസ്- സിപിഎം ധാരണ

single-img
27 July 2019

ഒടുവിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നാമാവശേഷമായി മാറിയ കോൺഗ്രസ്‌, സി.പി.എം എന്നീ പാർട്ടികൾ സംസ്ഥാനത്തിൽ അടുത്ത് തന്നെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായി. ഇതിന്റെ ആദ്യ ഘട്ടമായി ഇന്നലെ ഭട്പരയില്‍ ഇരുപാര്‍ട്ടികളും ചേര്‍ന്ന് റാലി നടത്തി.

റാലിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര, കോണ്‍ഗ്രസ് ബംഗാൾ അദ്ധ്യക്ഷന്‍ സോമെന്‍ മിത്ര, ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി നരെന്‍ ചാറ്റര്‍ജി എന്നിവര്‍ പങ്കെടുത്തു. പൊതുതെരഞ്ഞെടുപ്പിന് ശേഷം ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലുകള്‍ ഭട്പരയില്‍ നടന്നുവരികയാണ്. ഈ അക്രമങ്ങൾക്കെതിരെ കൂടെയായിരുന്നു ഇരുപാർട്ടികളും ചേർന്നു സംഘടിപ്പിച്ച സമാധാന റാലി.

ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും വര്‍ഗീയ രാഷ്ട്രീയമാണ് പ്രവര്‍ത്തിക്കുന്നതെന്നും മതേതര കക്ഷികളായ കോണ്‍ഗ്രസിനും സിപിഎമ്മിനും മാത്രമേ സമാധാനം തിരികെ കൊണ്ട് വരാന്‍ സാധിക്കൂ എന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സൊമെന്‍ മിത്ര പറഞ്ഞു. ബംഗാളിൽ ഇനി തിരികെ വരണമെങ്കില്‍ പരസ്പരം കൈകോര്‍ക്കുകയേ നിവൃത്തിയുള്ളൂ എന്ന് ഇരുപാര്‍ട്ടികളും തിരിച്ചറിഞ്ഞ പശ്ചാത്തലത്തിലാണ് ഒരുമിച്ചു മുന്നോട്ടു പോകാനുള്ള തീരുമാനം.