തന്റെ കൈക്ക് പൊട്ടലുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്ന് എല്‍ദോ എബ്രഹാം; എല്‍ദോ പറയുന്നത് വിശ്വസിക്കുന്നുവെന്ന് ചെന്നിത്തല

single-img
27 July 2019

ലാത്തിചാര്‍ജില്‍ തന്റെ കൈക്ക് പൊട്ടലേറ്റിട്ടില്ലെന്ന പോലീസിന്റെ റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ. കൈക്ക് പൊട്ടലുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. പരിക്കിനനുസരിച്ചാണ് കൈയില്‍ പ്ലാസ്റ്ററിട്ടത്. വ്യാജമായ ഒരുപാട് റിപ്പോര്‍ട്ടുകള്‍ കൊടുത്ത് ശീലമുള്ളവരാണ് പോലീസെന്നും അദ്ദേഹം പറഞ്ഞു.

എന്നെയടക്കമുള്ള നേതാക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മര്‍ദ്ദനമേറ്റ ശേഷം അതിന്റെ ആഴം അളക്കുന്നത് തന്നെ ഒരു നല്ല ശീലമല്ല. നിരവധി സമരങ്ങളില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും മര്‍ദ്ദനമേല്‍ക്കുന്നതില്‍ ഒരു മടിയും ഉണ്ടായിട്ടില്ലെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.

അതേസമയം, പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റെന്ന എല്‍ദോ എബ്രഹാമിന്റെ വാക്കുകളെ വിശ്വസിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രന്‍ സ്വീകരിച്ച നിലപാട് ശരിയല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പോലീസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.