ബിജെപി സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുക വിമതരുടെ നിലപാടും സ്പീക്കറുടെ തീരുമാനവും

single-img
27 July 2019

കര്‍ണാടകയില്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ തിങ്കളാഴ്ച സഭയില്‍ ഭൂരിപക്ഷം തേടും. രാവിലെ 11 മണിക്കാണ് സഭ ചേരുക. വിമതരുടെ കാര്യത്തില്‍ തീരുമാനമില്ലാത്ത സാഹചര്യത്തില്‍ ബി.ജെ.പിയില്‍ ആശങ്കയുണ്ട്. ഇതുവരെ അയോഗ്യരാക്കപ്പെടാത്ത വിമതരുടെ നിലപാടും സ്പീക്കറുടെ തീരുമാനവുമാകും ബിജെപി സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുക.

നിലവിലെ സാഹചര്യമനുസരിച്ച് 106 പേരുടെ പിന്തുണയോടെ ബിജെപിക്ക് ഭൂരിപക്ഷം തെളിക്കാം. 3 പേരെ മാത്രമാണ് അയോഗ്യരാക്കിയയത്. 14 വിമതരുടെ കാര്യത്തില്‍ സ്പീക്കര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇവര്‍ മടങ്ങിവരികയും കോണ്‍ഗ്രസ് ദള്‍ സഖ്യത്തിന് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്താല്‍ ബിജെപിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്താകും.

മറിച്ച് ഇന്നോ നാളെയോ ഇവരുടെ കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുത്താല്‍ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാകും. വിമതരെ അയോഗ്യക്കുകയോ രാജി സ്വീകരിക്കുകയും വേണം. അങ്ങനെ വന്നാല്‍ ഉപതിരഞ്ഞെടുപ്പാകും നിര്‍ണായകം. തിരഞ്ഞെടുപ്പ് വിജയിച്ചാല്‍ ബിജെപിക്ക് ഭൂരിപക്ഷം വര്‍ധിക്കും.

ഇതിനുള്ള നീക്കങ്ങളും ബിജെപി ആരംഭിച്ചു കഴിഞ്ഞു. മറിച്ചായാല്‍ ഭരണം വീണ്ടും പ്രതിസന്ധിയിലാകും. വിമതരെ ഒപ്പം നിര്‍ത്താനുള്ള ചര്‍ച്ചകളും ബിജെപി ക്യാമ്പില്‍ സജീവമാണ്. എന്നാല്‍ യെഡിയൂരപ്പ സര്‍ക്കാര്‍ 6 മാസം തികയ്ക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

ഇന്നലെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടന്‍ തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. അന്ന് തന്നെ ധനബില്ലിന് അംഗീകാരം നല്‍കും. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും പരമാവധി കാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാരായിരിക്കും ബി.ജെ.പിയുടേതെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഇന്ന് തന്നെ എം.എല്‍.എമാരുടെ കാര്യത്തില്‍ തീരുമാനമെടുത്ത് സ്പീക്കര്‍ സ്ഥാനമൊഴിയാനുളള സാധ്യതയുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ വിജയിച്ച തിരികെ ഭരണത്തില്‍ എത്താനുളള ശ്രമം കോണ്‍ഗ്രസും ജെ.ഡി.എസും ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദീവംസ സ്പീക്കര്‍ അയോഗ്യരാക്കിയ രമേശ് ജെര്‍ക്കിഹോളി, മഹേഷ് കുമത്തലി, ആര്‍. ശങ്കര്‍ എന്നിവര്‍ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിച്ചേക്കും.