കയ്യാങ്കളി, ബഹളം; ഒടുവിൽ വിവരാവകാശ നിയമ ഭേദഗതി രാജ്യസഭയിൽ പാസ്സായി

single-img
26 July 2019

കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരുടെ സേവന കാലാവധിയും ശമ്പളവും നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന വിവരാവകാശ ഭേദഗതി ബില്‍ പ്രതിപക്ഷ എതിര്‍പ്പ് മറികടന്നു രാജ്യസഭ പാസാക്കി. ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉയർന്നത്. 

ബില്‍ കീറിയെറിഞ്ഞതും കയ്യാങ്കളി നടത്തി വോട്ടെടുപ്പ് തടസപ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള നാടകീയരംഗങ്ങള്‍ രാജ്യസഭയില്‍ അരങ്ങേറി. വിവരാവകാശ നിയമഭേദഗതി ബിൽ സിലക്ട് കമ്മറ്റിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. വിട്ടുവീഴ്ച്ചയില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതോടെ പ്രതിഷേധം ആളിക്കത്തി.

ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നുവെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം സഭ വിട്ടിറങ്ങി. സിലക്ട് കമ്മറ്റിക്ക് വിടണമെന്ന പ്രമേയം വോട്ടിനിട്ട് തള്ളി. ലോക്സഭ പാസാക്കിയ വിവരാവകാശ നിയമഭേദഗതി ബില്‍ ശബ്ദവോട്ടൊടെ രാജ്യസഭയും പാസാക്കി.

ബില്ല് വലിച്ചുകീറി എറിഞ്ഞും കൈകൊട്ടി മുദ്രാവാക്യം മുഴക്കിയും ആർടിഐ നിയമഭേദഗതി ബില്ല് തടയാൻ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ 13 പ്രതിപക്ഷ പാർട്ടികൾ ശ്രമിച്ചു. ചർച്ച തുടരാൻ തീരുമാനിച്ചതോടെ ബഹളം നിയന്ത്രണാതീതമായി.

മൂന്നു തവണ നിറുത്തി വച്ച ശേഷം സെലക്ട് കമ്മിറ്റിക്കു വിടുന്ന കാര്യത്തിൽ ചർച്ചയാകാമെന്ന സർക്കാരിന്‍റെ ഉറപ്പിന് പ്രതിപക്ഷം വഴങ്ങുകയായിരുന്നു. ഒടുവിൽ സെലക്ട് കമ്മിറ്റിക്ക് വിടണോ വേണ്ടയോ എന്ന വോട്ടെടുപ്പിനിടെയാണ് കയ്യാങ്കളിയുണ്ടായതും പ്രതിപക്ഷം ഇറങ്ങിപ്പോയതും. 

വിവരാവകാശ കമ്മീഷനോട് സർക്കാർ പ്രതികാരം ചെയ്യുകയാണെന്ന് ആരോപിച്ച കോൺഗ്രസ് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താൻ ഉള്ള വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് അടക്കമുള്ള കാര്യങ്ങളാണ് ഈ ബില്ലിലേക്ക് നയിച്ചതതെന്ന് ആരോപിക്കുന്നു. ബിൽ ലോകസഭയിൽ നേരത്തെ പാസ്സായിരുന്നു.