പ്രളയരക്ഷാപ്രവര്‍ത്തനം: 113 കോടി ആവശ്യപ്പെട്ട് സര്‍ക്കാരിന് വ്യോമസേനയുടെ കത്ത്; ഒഴിവാക്കണമെന്നു മുഖ്യമന്ത്രി

single-img
26 July 2019

പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113 കോടി രൂപ വേണമെന്നു വ്യോമസേന. ഇക്കാര്യം ആവശ്യപ്പെട്ടുള്ള കത്ത് സംസ്ഥാന സര്‍ക്കാരിനു ലഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ചെലവിലേക്കായി നേരത്തെയും വ്യോമസേന സംസ്ഥാനത്തോടു പണം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പ്രളയം തകര്‍ത്ത കേരളത്തിന് ഈ തുക കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തുക ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനു കത്തയച്ചു. 2017ല്‍ ഓഖി ദുരന്തവും 2018ല്‍ പ്രളയത്തെയും നേരിടേണ്ടിവന്ന സംസ്ഥാനത്തിന് ഈ തുക കണ്ടെത്തുന്നതു പ്രയാസമാണെന്നു മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 15 മുതല്‍ തുടര്‍ച്ചയായി നാല് ദിവസമാണ് വ്യോമസേനയും മറ്റ് സേനാവിഭാഗങ്ങളും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടത്.
ഇത്തരത്തില്‍ വിമാനങ്ങളും ഹെലിക്കോപ്ടറും ഉപയോഗിച്ച് ജനങ്ങളെ രക്ഷിച്ചതിനുളള ചെലവിലേക്കാണ് ഇത്രയും തുക നല്‍കണമെന്നാണ് വ്യോമസേന ആസ്ഥാനത്ത് നിന്നുള്ള അറിയിപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ലഭിച്ചിരിക്കുന്നത്.

ഓഖി ദുരന്തസമയത്ത് 26 കോടി രൂപയുടെ ബില്ലാണ് വ്യോമസേന സര്‍ക്കാരിന് നല്‍കിയത്. പിന്നീട് 35 കോടിയുടെ ബില്ലും വന്നു. ആ ഘട്ടത്തിലൊക്കെ സര്‍ക്കാര്‍ പ്രതിഷേധം രേഖപ്പെടുത്തി. 113 കോടിയുടെ ബില്‍ ലഭിച്ചതിനെക്കുറിച്ച് ഇതുവരെ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഓഖി ദുരന്ത രക്ഷാപ്രവര്‍ത്തനത്തിന് ബില്‍ ലഭിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് ഇങ്ങനെ ബില്‍ അയക്കുന്ന രീതി പതിവാണെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന എസ്ഡിആര്‍എഫ് ഫണ്ടില്‍ നിന്ന് തട്ടിക്കിഴിക്കാവുന്നതാണെന്നുമായിരുന്നു കേന്ദ്രം നല്‍കിയ മറുപടി.