മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ നിറഞ്ഞ് ശബരിമല; ബി.ജെ.പി തങ്ങളുടെ വനിത എം.പിമാരെ ശബരിമലയിലേക്ക് കൊണ്ട് പോകുമോയെന്ന് അസദുദ്ദീന്‍ ഒവൈസി

single-img
26 July 2019

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്‌ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബില്‍ (മുത്തലാഖ് ബില്‍) കഴിഞ്ഞ ദിവസമാണ് ലോക്‌സഭ പാസാക്കിയത്. 303 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 82 പേര്‍ എതിര്‍ത്തു. ബില്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു എംപിമാര്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

ഒറ്റയടിക്കുള്ള മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതും 3 വര്‍ഷം തടവുശിക്ഷ വിധിക്കുന്നതും അടക്കമുള്ള വകുപ്പുകളാണ് ബില്ലിലുള്ളത്. 16ാം ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതോടെ അസാധുവായ ബില്ലാണിത്. 2017ല്‍ ആദ്യം കൊണ്ടുവന്ന ബില്ലില്‍ നിന്ന് ഒട്ടേറെ ഭേദഗതികളോടെയാണ് ഇത്തവണ ബില്ല് ലോക്‌സഭയില്‍ എത്തുന്നതെങ്കിലും മതപരമായ ഇരട്ടത്താപ്പുണ്ടെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

ആര്‍.എസ്.പി നേതാവ് എന്‍.കെ. പ്രേമചന്ദ്രനും, മുസ്ലിംലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടിയും, എ.ഐ.എം.ഐ.എം പ്രതിനിധി അസദുദ്ദീന്‍ ഉവൈസിയും ബില്ലിനെതിരെ ലോക്‌സഭയില്‍ കത്തിക്കയറി. മുത്തലാഖ് അസാധുവാക്കിയ സുപ്രീംകോടതി വിധി, നിയമനിര്‍മാണത്തിന് പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

മുസ്ലിംകളെ ഉന്നം വെക്കുന്ന ബി.ജെ.പി രാഷ്ട്രീയമാണ് ഇതിനു പിന്നില്‍. ഭരണഘടനാ ദുരുപയോഗവുമാണ്. വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സിവില്‍ വ്യവഹാരമാണെന്നിരിക്കേ, ക്രിമിനല്‍ കുറ്റമാക്കി ഭര്‍ത്താവിനെ ജയിലില്‍ ഇടാമെന്ന വ്യവസ്ഥ വ്യക്തിനിയമങ്ങളിലുള്ള കടന്നു കയറ്റവുമാണ്.

ഭര്‍ത്താവ് ജയിലില്‍ പോയാല്‍, ബില്ലിലെ വ്യവസ്ഥ പ്രകാരം ഭാര്യക്ക് ജീവനാംശം കൊടുക്കുന്നത് എങ്ങനെയാണ്? ഇത് സ്ത്രീ സംരക്ഷണമല്ല, കുടുംബത്തെ പല വഴിക്കാക്കുന്ന നിയമനിര്‍മാണമാണെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീയുടെ തുല്യതയെക്കുറിച്ച് പറയുന്ന സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ മറ്റൊരു നിലപാടിലാണ്.

മുത്തലാഖ് നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ പറയുന്ന ന്യായങ്ങള്‍ തികഞ്ഞ അന്യായമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആ സമുദായത്തിലെ ഏതെങ്കിലുമൊരു സംഘടനയുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തിയിട്ടില്ല.

മറ്റു സമുദായങ്ങളുടെ നേര്‍ക്കില്ലാത്ത പെരുമാറ്റമാണ് മുസ്ലിംകള്‍ക്ക് സര്‍ക്കാറില്‍നിന്ന് ലഭിക്കുന്നത്. മുസ്ലിം സമുദായത്തില്‍ വിവാഹ മോചന നിരക്ക് വളരെ കുറവാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ അജണ്ടയാണ് സര്‍ക്കാറിന്. മുത്തലാഖ് വിഷയത്തിലൂടെ സമുദായ വിഷയങ്ങളില്‍ സര്‍ക്കാര്‍ കടന്നു കയറുകയാണ്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് ന്യൂനപക്ഷങ്ങളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇത്രയധികം പുരോഗമന വാദം പ്രേത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെങ്കില്‍ തങ്ങളുടെ എം.പിമാരെ പ്രത്യേക വിമാനത്തില്‍ ശബരിമലയിലേക്ക് കൊണ്ടുപോകുമോയെന്ന് എ.ഐ.എം.ഐ.എം പ്രതിനിധി അസദുദ്ദീന്‍ ഉവൈസി സഭയില്‍ തുറന്നടിച്ചു. ശബരിമലയുടെ കാര്യത്തിലുള്ള നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഡി.എം.കെ അംഗം കനിമൊഴിയും ചോദിച്ചു.