വിശ്വാസികളല്ലെന്ന് കരുതുന്ന രണ്ട് സ്ത്രീകള്‍ എത്തിയത് തിരിച്ചടിയായി; ശബരിമല കാരണം വീട്ടമ്മമാര്‍ വോട്ട് മാറി ചെയ്തു: കോടിയേരി

single-img
26 July 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശബരിമല തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല പ്രശ്‌നം വോട്ടുചോര്‍ച്ചയ്ക്ക് കാരണമായെന്ന് ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് ബോധ്യമായി. വിമര്‍ശനങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും കോടിയേരി ദേശാഭിമാനിയിലെ പ്രതിവാര പംക്തിയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങള്‍ തേടി സിപിഎം നേതാക്കള്‍ നടത്തുന്ന ഗൃഹസന്ദര്‍ശനത്തില്‍ പൊതുജനത്തില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി മുഖപത്രത്തിലെ കോടിയേരിയുടെ ലേഖനം.

എല്‍ഡിഎഫിന് വോട്ടുചോര്‍ച്ച ഉണ്ടായതില്‍ ശബരിമല ഒരു ഘടകമായെന്ന് ചിലര്‍ വെളിപ്പെടുത്തി. ശബരിമല കാരണമാണ് വോട്ടു മാറി ചെയ്തതെന്ന് ചില വീട്ടമ്മമാര്‍ തുറന്നു പറഞ്ഞു. ശക്തമായ അതൃപ്തി ഉണ്ടെങ്കിലും എല്‍ഡിഎഫിന് തന്നെ വോട്ടു ചെയ്തുവെന്ന് പറയുന്നവരുമുണ്ട്. യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണ ഘടന ബെഞ്ചിന്റെ വിധി എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിയല്ല. വിധി വന്നപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ളവര്‍ അനുകൂലിച്ചു. പിന്നീട് അവര്‍ നിലപാടില്‍ മാറ്റം വരുത്തിയപ്പോള്‍ ഒരു രാഷ്ട്രീയ സമരമായി മാറുന്നുവെന്ന് കണക്കിലെടുത്ത് ഇടപെടാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെന്ന് ചിലര്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരത്തെ ഒരു അഗ്രഹാരത്തെരുവില്‍ എത്തിയപ്പോള്‍ പലവിധ പരാതികള്‍ കേട്ടു. അതിലൊന്ന് തങ്ങളെ സവര്‍ണ ഹിന്ദുക്കള്‍ എന്നു വിശേഷിപ്പിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്നായിരുന്നു. സവര്‍ണ ഹിന്ദു മേധാവിത്വ തത്ത്വശാസ്ത്രമാണ് ആര്‍എസ്എസിന്റേതെന്ന് കമ്യൂണിസ്റ്റുകാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അത് ദാരിദ്ര്യാവസ്ഥയില്‍ ഇന്നു കഴിയുന്ന, ജന്‍മം കൊണ്ട് സവര്‍ണ സമുദായത്തില്‍ പിറന്നവരെ അധിക്ഷേപിക്കാനല്ലെന്ന് താന്‍ ഓര്‍മപ്പെടുത്തി.

അഗ്രഹാരത്തിലെ ഒരു കാരണവര്‍ പറഞ്ഞു ‘ഈ അഗ്രഹാരത്തില്‍ തന്നെ പട്ടിണിക്കാരായ കുടുംബങ്ങളെ കാട്ടിത്തരാം അവര്‍ക്ക് രക്ഷ നല്‍കാന്‍ നിങ്ങളെല്ലാം എന്തെങ്കിലും ചെയ്യണം’. ആ ആവശ്യം വളരെ ന്യായമാണ്. ചേരികള്‍ക്ക് സമാനമായ ദുസ്ഥിതിയില്‍ പല അഗ്രഹാരങ്ങളും മാറിയിട്ടുണ്ട്. ഇതു പുതുക്കിപ്പണിയാന്‍ ഒരു വീടിന് കുറഞ്ഞത് അഞ്ചുലക്ഷം രൂപ കിട്ടത്തക്കവിധത്തിലുള്ള പദ്ധതി നടപ്പാക്കേണ്ടതുണ്ട്. അത് സര്‍ക്കാറിന്റേയും മറ്റു സംവിധാനങ്ങളുടേയും ശ്രദ്ധയില്‍ കൊണ്ടുവരാമെന്നും തുടര്‍ നടപടി എടുപ്പിക്കാമെന്നും ഉറപ്പു നല്‍കി.

സര്‍ക്കാര്‍ നേട്ടങ്ങളെ മുക്കിക്കളയുന്ന ചില വിവാദങ്ങള്‍ ചിലപ്പോഴെല്ലാം ഉണ്ടാകുന്നതായും അത് തിരുത്തപ്പെടണമെന്നുമുള്ള നിര്‍ദേശങ്ങളുണ്ടായി. പൊലീസ് പ്രവര്‍ത്തനങ്ങളില്‍ നടത്തേണ്ട ജാഗ്രതകളെപ്പറ്റിയും അഭിപ്രായങ്ങളുയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.