നിങ്ങള്‍ ആഗ്രഹിക്കും പോലെയല്ല സിപിഐക്കാര്‍; അഭിപ്രായമുള്ളവര്‍ ജനറല്‍ ബോഡിയില്‍ പറയണം, പോസ്റ്ററിലല്ല; വിമര്‍ശിച്ച് കാനം

single-img
26 July 2019

സിപിഐ നേതാക്കള്‍ക്കെതിരെയുള്ള പോലീസ് നടപടി ശരിയാണെന്നു പറഞ്ഞിട്ടില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ എറണാകുളം ജില്ലാ നിര്‍വാഹക സമിതി യോഗത്തിനായി കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു കാനത്തിന്റെ പ്രതികരണം.

കൊച്ചിയിലെ മാര്‍ച്ച് താനുമായി ആലോചിച്ചിട്ടല്ലെന്നു പറഞ്ഞില്ല. പോലീസ് നടപടിയെ ന്യായീകരിക്കുകയല്ല ചെയ്തത്. പോലീസ് വീട്ടില്‍ കയറിയല്ല മര്‍ദിച്ചത് എന്ന പരാമര്‍ശം വളച്ചൊടിക്കേണ്ട ആവശ്യമില്ലെന്നും കാനം പറഞ്ഞു. പോലീസിനെയാണോ എംഎല്‍എയെ ആണോ വിശ്വാസം എന്ന ചോദ്യത്തിനു, സിപിഐ നേതാക്കള്‍ക്കെതിരെയുള്ള പോലീസ് നടപടി ശരിയാണെന്നു താന്‍ പറഞ്ഞിട്ടില്ലെന്നു കാനം പ്രതികരിച്ചു.

പോലീസിന്റെ ഭാഗത്ത് നിന്ന് തെറ്റായ നടപടിയുണ്ടായിട്ടുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ തനിക്കെതിരെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് മതിലില്‍ പോസ്റ്റര്‍ ഒട്ടിച്ചത് മറ്റ് പാര്‍ട്ടിക്കാരാകാമെന്ന് കാനം പ്രതികരിച്ചു.

സിപിഐ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിക്കില്ല. ഇപ്പോഴത്തെ സമയം ഉപയോഗിച്ച് അന്യപാര്‍ട്ടിക്കാര്‍ക്കും പോസ്റ്റര്‍ പതിക്കാം. വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദികളില്‍ ഉന്നയിക്കുന്നവരാണ് സിപിഐക്കാര്‍. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയല്ല സിപിഐ എന്നും കാനം പറഞ്ഞു.

അതേസമയം എംഎല്‍എക്കെതിരായ നടപടിയില്‍ സി.എന്‍.ജയദേവന്‍ ശക്തമായി പ്രതികരിച്ചു. ഭരണത്തിലിരുന്ന തല്ല് കൊള്ളേണ്ട ഗതികേട് സിപിഐക്കില്ലെന്നും കാനത്തിന്റെ നിലപാട് കാനമാണ് പറയേണ്ടതെന്നും ജയദേവന്‍ പറഞ്ഞു.