‘കെഇ ഇസ്മയിലിനെയൊക്കെ എന്തിന്റെ പേരിലാണോ ഈ പാര്‍ട്ടിയില്‍ നിന്ന് ഒതുക്കിയത് ആ പാതയിലേക്ക് അല്ലേ ഇപ്പോള്‍ കാനവും പൊയ്‌ക്കൊണ്ടിരിക്കുന്നത്’: ജ്യോതികുമാര്‍ ചാമക്കാല

single-img
26 July 2019

കൊച്ചിയില്‍ സിപിഐ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പാര്‍ട്ടി എംഎല്‍എയ്ക്കും നേതാക്കള്‍ക്കും പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിക്കുള്ളില്‍ വലിയ അഭിപ്രായവ്യത്യാസങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ആരെയും വീട്ടില്‍ക്കയറി മര്‍ദ്ദിച്ചിട്ടില്ല, സിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ പോയതുകൊണ്ടാണ് അടി വാങ്ങിയതെന്ന കാനത്തിന്റെ പ്രതികരണം വിവാദത്തിന് ആക്കം കൂട്ടി.

ഇതിനിടെ കാനത്തിനെതിരെ വിമര്‍ശനവുമായി കെപിസിസി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല രംഗത്തെത്തി. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമെന്ന് പറഞ്ഞ് മാറ്റിവെക്കാവുന്ന കാര്യങ്ങളല്ല സിപിഐയില്‍ നടക്കുന്നതെന്ന് ന്യൂസ് 18 കേരളയുടെ പ്രൈം ഡിബേറ്റില്‍ ചാമക്കാല പറഞ്ഞു.

ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞത് ഇങ്ങനെ: ”കാനത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ മകനാണോ വലുത്, അതോ പാര്‍ട്ടിയാണോ വലുത് എന്ന് തീരുമാനിക്കാനുള്ള സാഹചര്യം എത്തിയിരിക്കുന്നു എന്നാണ് സിപിഐക്കാര്‍ പറയുന്നത്. അദ്ദേഹം മകനെ സംരക്ഷിക്കണമോ, അതിലൂടെ അദ്ദേഹത്തെ സംരക്ഷിക്കണമോ, അതോ പാര്‍ട്ടിയെ സംരക്ഷിക്കണമോ എന്ന് സിപിഐക്കുള്ളില്‍ ചര്‍ച്ച നടക്കുന്നുവെന്നത് വസ്തുതയാണ്.

എന്തുകൊണ്ടാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ട്, അതിന് വേണ്ടി സമരം ചെയ്തിട്ട് എഐഎസ്എഫ് അതിന് തയാറാകാത്തത്. കാനം ഇടപെട്ടതുകൊണ്ടാണ് യൂണിറ്റ് രൂപീകരണത്തില്‍ നിന്ന് എഐഎസ്എഫ് പിന്നോട്ട് പോയത്. കോടിയേരിയുമായി കാനം സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.

എന്തുകൊണ്ടാണ് കാനം കീഴടങ്ങിയത്. കാനം ആരോട് ചോദിച്ചിട്ടാണ് കീഴടങ്ങിയത്. സിവില്‍ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓണത്തിന് നടന്ന ചില സംഭവങ്ങളുമായി ബന്ധമുണ്ടോ? അതൊക്കെ വ്യക്തമാക്കേണ്ടത് കാനമാണ്. തിലോത്തമനുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്‍ക്കമുണ്ടോ അതില്‍ ആരൊക്കെയാണ് ഇടപെട്ടിട്ടുള്ളത് ? സിപിഐയില്‍ കാര്യങ്ങള്‍ അനുകൂലമായിട്ടില്ല പോകുന്നത്.

ജില്ലാ കമ്മിറ്റിയോടുള്ള വിരോധം കൊണ്ടുമാത്രമല്ല. ഇരിക്കുന്ന കൊമ്പ് മുറിച്ചിട്ട് ഈ പാര്‍ട്ടിയെ നശിപ്പിച്ചിട്ട് അദ്ദേഹത്തിന് സംസ്ഥാന സെക്രട്ടറിയായി തുടരാന്‍ കഴിയുമോ. അതല്ല, അതിനകത്ത് എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. അതെന്താണെന്ന് പറയാന്‍ തയാറാകണം. അല്ലെങ്കില്‍ വരുംദിവസങ്ങളില്‍ ഇവ പുറത്തുവരും. സിപിഐയുടെ സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയുടെ തടവറയിലാണ്. അതിന് അടിസ്ഥാനമായ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് കാനം തന്നെയാണ്.

എന്തിന്റെ പേരിലാണോ കെ ഇ ഇസ്മയിലിനെയൊക്കെ ഈ പാര്‍ട്ടിയില്‍ നിന്ന് ഒതുക്കിയത് ആ പാതയിലേക്ക് അല്ലേ ഇപ്പോള്‍ കാനവും പൊയ്‌ക്കൊണ്ടിരിക്കുന്നത്. സ്വാഭാവികമായി കെ ഇ ഇസ്മയിലിന് പൊതുസമൂഹത്തില്‍ വന്നു കാര്യങ്ങള്‍ പറയാന്‍ കഴിയുമല്ലോ. അദ്ദേഹം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയും വന്നിട്ടുണ്ട്.
എല്‍ദോ എബ്രഹാമും ഞാനും പൊലീസിന്റെ തല്ലുകൊണ്ടവരാണ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പൊലീസിനെതിരെ സമരം ചെയ്യാന്‍ തയാറായി വരട്ടെ. നമുക്ക് ഒരുമിച്ച് സമരം ചെയ്യാം”. ചാമക്കാല പറഞ്ഞു.