കോഴിക്കോട് വിമാനത്താവളവും സ്വകാര്യവത്കരിക്കുന്നു; നീക്കം ആരംഭിച്ച് കേന്ദ്രം

single-img
26 July 2019

കോഴിക്കോട് വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ നീക്കം. ആറ് വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ നടപടികൾ അന്തിമഘട്ടത്തിലെത്തിയതിന് പിറകെയാണ് കോഴിക്കോട് ഉൾപ്പെടെ പത്ത് എണ്ണത്തിന് കൂടി നടപടി ആരംഭിച്ചത്. അന്താരാഷ്ട്ര വിമാനത്താവളങ്ങളായ കരിപ്പൂർ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ (രണ്ടും തമിഴ്‌നാട്), വാരാണസി (ഉത്തർപ്രദേശ്), അമൃത്സർ (പഞ്ചാബ്), ഭുവനേശ്വർ (ഒഡിഷ), ആഭ്യന്തര വിമാനത്താവളമായ റായ്പുർ (ഛത്തിസ്ഗഢ്), റാഞ്ചി (ഝാർഖണ്ഡ്), കസ്റ്റംസ് വിമാനത്താവളങ്ങളായ പട്‌ന (ബിഹാർ), ഇന്ദോർ (മധ്യപ്രദേശ്) എന്നിവയുടെ സ്വകാര്യവത്കരണ നടപടികൾക്കാണ് അതോറിറ്റി ആസ്ഥാനത്ത് തുടക്കമായത്.

അതോറിറ്റിക്ക് കീഴിലെ വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണത്തിന് രൂപവത്കരിച്ച കീ ഇൻഫ്രാസ്ട്രക്ചർ വിഭാഗമാണ് (കിഡ്) നടപടി തുടങ്ങിയത്. ജൂലൈ 22നു ന്യൂൽഹിയിൽ എയർപോർട്‌സ് അതോറിറ്റി ആസ്ഥാനത്ത് ചെയർമാന്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണു പത്തു വിമാനത്താവളങ്ങളുടെ പട്ടിക തയാറാക്കിയത്. തുടർന്ന് ഓരോന്നിന്റെയും സാധ്യതകൾ, സവിശേഷതകൾ, പ്രശ്‌നങ്ങൾ എന്നിവയെല്ലാം വിശദീകരിച്ചു റിപ്പോർട്ട് തയാറാക്കാൻ അതോറിറ്റിക്കു കീഴിലെ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് യൂണിറ്റിനോടു നിർദേശിച്ചു.

തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ആറു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ കഴിഞ്ഞ നവംബറിൽ തീരുമാനിച്ചിരുന്നു. വിമാനത്താവളങ്ങളുടെ നടത്തിപ്പ്, സേവനങ്ങൾ, സാങ്കേതിക വൈദഗ്ധ്യം, പ്രഫഷനലിസം എന്നീ കാര്യങ്ങളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന പ്രഖ്യാപനത്തോടെയാണു കേന്ദ്രസർക്കാർ 10 വിമാനത്താവളങ്ങൾകൂടി സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇതോടെ, വിമാനത്താവളങ്ങളിലെ സേവന നിരക്കുകളിലടക്കം വൻ വർധനയുണ്ടാകും.