അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബിജെപി ഭീഷണി; ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്

single-img
26 July 2019

അടൂര്‍ ഗോപാലകൃഷ്ണന് നേരെയുള്ള ബിജെപി ഭീഷണി പാര്‍ലമെന്റില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്. ആന്റോ അന്റണി എം.പി ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പദ്മ അവാര്‍ഡ് ജേതാവായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനു നേര്‍ക്ക് ബി.ജെ.പി നേതാവില്‍ നിന്നുണ്ടായ ഭീഷണി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.

എന്നാല്‍ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അടൂരിന് നേരെയുള്ള ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആള്‍ക്കൂട്ട അക്രമങ്ങളും അസഹിഷ്ണുതയും കേന്ദ്രസര്‍ക്കാരിനെതിരായ ആയുധമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.

ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടര്‍ന്നായിരുന്നു ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബിജെപി കടന്നാക്രമണം. ‘ജയ് ശ്രീറാം’ വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

ഇത് രാമയണമാസമാണെന്നും ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരുമെന്നും ഇതു കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ ശ്രീഹരിക്കോട്ടയില്‍ നിന്നും റോക്കറ്റിലേറി ബഹിരാകശത്തേക്ക് പോകാമെന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

ബി ഗോപാലകൃഷ്ണനെ പിന്തുണച്ചും അടൂര്‍ ഗോപാലകൃഷ്ണനെ പ്രതിരോധിച്ചും ധാരാളം പ്രതികരണങ്ങള്‍ വന്നതോടെ സംഭവം വലിയ വിവാദവുമായി. ഈ സാഹചര്യത്തിലാണ് പ്രശ്‌നം ലോക്‌സഭയില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.