ഉത്തരമെഴുതിയ കടലാസ് മാത്രമേ ഉത്തരക്കടലാസ് ആകുകയുള്ളൂ; അല്ലെങ്കിലത് വെറും മുറിക്കടലാസാണെന്നും എ. വിജയരാഘവൻ

single-img
25 July 2019

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ ന്യായീകരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍. ഉത്തരമെഴുതാത്ത കടലാസിനു വെള്ളക്കടലാസിന്റെ വില മാത്രമാണെന്നും അതിനാല്‍ വിഷയം കാര്യമാക്കേണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

സി.പി.എമ്മിനെതിരേ വാർത്ത നൽകാനാണ് ഇതൊക്കെ ഈ രീതിയിൽ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉത്തരക്കടലാസ് കാണാതായി എന്ന വർത്ത കേട്ടപ്പോൾ പേടിച്ചുപോയി. അങ്ങനെ കാണാതായാൽ പ്രശ്നം വേറെയല്ലേ. അതിനകത്ത് ഉത്തരമെഴുതിയിട്ടുണ്ടാവില്ലേ. അതിന് മാർക്കുമുണ്ടാകും. ഉത്തരവും മാർക്കുമില്ലാത്ത കടലാസിന് ഉത്തരക്കടലാസ് എന്നു പറയാനാകുമോ.

ഞാൻ പഠിച്ച മലയാളം അനുസരിച്ച് ഉത്തരമെഴുതുന്ന കടലാസ് എന്നു പറയും. ടി.വി.യിലെ ചങ്ങാതിമാർ പഠിച്ച മലയാളം അനുസരിച്ച് ഉത്തരം എഴുതാത്ത ഒരു വെള്ളക്കടലാസ് കിട്ടിയാൽ ഇതാണ് ഉത്തരക്കടലാസ് എന്നും പറയും- അദ്ദേഹം പറഞ്ഞു.