തലസ്ഥാനത്തെ ജനങ്ങളെ വലച്ച് യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം; നഗരം മുഴുവന്‍ ഗതാഗത കുരുക്കിലായി

single-img
25 July 2019

സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം തുടരുന്നു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഉപരോധം ഉച്ച വരെ തുടരും. യൂണിവേഴ്‌സിറ്റി കോളേജ് വിഷയമുള്‍പ്പടെയുള്ളവ ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫിന്റെ ഉപരോധം.

ഉപരോധം തലസ്ഥാനത്തെ ജനങ്ങളെ വലച്ചു. ഉപരോധത്തെ തുടര്‍ന്ന് പോലീസ് മിക്ക റോഡുകളും അടച്ചിട്ടുണ്ട്. നഗരം മുഴുവന്‍ ഗതാഗത കുരുക്കിലായി. കാല്‍നട യാത്രികരെ പോലും കടത്തി വിടുന്നില്ലെന്നാണ് പരാതി. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം പെരുവഴിയിലാണ്.

മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും സമരക്കാര്‍ തടയാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാഹന പരിശോധനയും നടക്കുന്നുണ്ട്. ഇതും ഗതാഗത കുരുക്ക് വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് ജീവനക്കാരെ ഐഡികാര്‍ഡ് പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.

എഐസിസി സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ പി എ മജീദ്, ജോണിനെല്ലൂര്‍ തുടങ്ങി നിരവധി യുഡിഎഫ് നേതാക്കള്‍ ഉപരോധത്തിനെത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ സിബിഐ അന്വേഷണം നടത്തുക, പിഎസ്‌സി പരീക്ഷയുടെ വിശ്വാസ്യത തിരിച്ചെടുക്കാനായി ഇതു സംബന്ധിച്ച നടപടിക്രമങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, വര്‍ധിച്ച വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക, കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി പുനസ്ഥാപിക്കുക, തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി പുന:പരിശോധിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നത്.