ആള്‍ക്കൂട്ട ആക്രമണം പകര്‍ച്ചവ്യാധി പോലെ പടരുകയാണെന്ന് സ്വര ഭാസ്‌കര്‍: പ്രധാനമന്ത്രിയ്ക്ക് കത്തയച്ച ബംഗാളി നടന് വധഭീഷണി

single-img
25 July 2019

മുംബൈ: ആള്‍ക്കൂട്ട ആക്രമണം പകര്‍ച്ചവ്യാധി പോലെയാണെന്ന് നടി സ്വര ഭാസ്‌കര്‍. ഈ യാഥാര്‍ഥ്യത്തില്‍ നിന്നു രാജ്യത്തിന് മുഖം തിരിക്കാനാവില്ലെന്നും സ്വര ഭാസ്‌കര്‍ മുംബൈയില്‍ ഒരു ചടങ്ങിനിടെ പറഞ്ഞു. ആള്‍ക്കൂട്ടാക്രമണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകരെ അഭിനന്ദിച്ചാണ് സ്വര ഭാസ്‌കര്‍ രംഗത്തെത്തിയത്.

ഈ സമൂഹത്തില്‍ നടക്കുന്ന കാര്യത്തില്‍ നമ്മുടെ രാഷ്ട്രീയ സാമൂഹിക കാലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇടപെടുന്നുവെന്നുള്ളത് പ്രശംസനീയമാണെന്നും നടി പറഞ്ഞു. ഇത്തരം ദാരുണ സംഭവങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ ശക്തമായ നിയമം വേണമെന്നത് കാലത്തിന്റെ ആവശ്യമാണ്. കഴിഞ്ഞ നാല് അഞ്ച് വര്‍ഷമായി ആള്‍ക്കൂട്ടാക്രമണത്തെ കുറിച്ച് താന്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ മെച്ചപ്പെടുകയല്ല, സംഭവം കൂടുതല്‍ കൂടുതല്‍ മോശമാവുകയാണെന്നും സ്വര പറഞ്ഞു.

അതിനിടെ, ആള്‍ക്കൂട്ട അക്രമണം, മതവിദ്വേഷത്തിന്റെ പേരിലുള്ള ആക്രമണം എന്നിവയില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച ബംഗാളി നടന്‍ കൗഷിക് സെന്നിന് വധഭീഷണി. വധ ഭീഷണി മുഴക്കി ഫോണ്‍ സന്ദേശം ലഭിച്ചെന്നും ഫോണ്‍ നമ്പര്‍ പൊലിസിനു കൈമാറിയെന്നും കൗഷിക് സെന്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു.

‘ഇന്നലെയാണ് എനിക്ക് അജ്ഞാത നമ്പരില്‍ നിന്നും ഫോണ്‍ സന്ദേശം ലഭിച്ചത്. അസഹിഷ്ണുതയ്ക്കും ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കുമെതിരേ ശബ്ദമുയര്‍ത്തുന്നത് നിര്‍ത്തണമെന്നായിരുന്നു ആവശ്യം. അല്ലെങ്കില്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി’ കൗഷിക് പറഞ്ഞു.

അതേസമയം, 49 പേരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ആള്‍ക്കൂട്ടാക്രമണത്തിനെതിരെ ശക്തമായ നിയമം കൊണ്ടുവരണമെന്നാണ് ഇവര്‍ കത്തില്‍ ആവശ്യപ്പെടുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കം വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരാണ് ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.

2016ല്‍ മാത്രം ദലിതര്‍ക്കെതിരെ എണ്ണൂറിലധികം ആക്രമണങ്ങളുണ്ടായെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. എന്നാല്‍ ഈ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം കുറവാണ്. ആള്‍ക്കൂട്ട ആക്രമണങ്ങളെ വിമര്‍ശിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയതുകൊണ്ടുമാത്രം മതിയാവില്ലെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ കത്തിനെതിരെ രൂക്ഷമായാണ് ബിജെപി നേതാക്കള്‍ പ്രതികരിക്കുന്നത്. താനായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ കത്ത് ചവറ്റുകൊട്ടയില്‍ ഏറിഞ്ഞേനെയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. രാജ്യാന്തര ശ്രദ്ധ നേടാനുള്ള നീക്കം മാത്രമാണ് കത്തിന് പിന്നിലുള്ളതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു.