വിദ്യാര്‍ഥിയെ സ്റ്റോപ്പിലിറക്കിയില്ല; കളക്ടര്‍ ബസ് പിടിച്ചെടുത്തു; കണ്ടക്ടര്‍ക്ക് ശിക്ഷ; 10 ദിവസം ശിശുഭവനില്‍ കെയര്‍ ടേക്കര്‍

single-img
25 July 2019

സഹോദരനൊപ്പം യാത്ര ചെയ്ത സ്‌കൂള്‍ വിദ്യാര്‍ഥിയെ, ബസ് സ്റ്റോപ്പില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ഇറക്കിയ സംഭവത്തില്‍ കണ്ടക്ടര്‍ക്ക് 10 ദിവസം ശിശുഭവനില്‍ കെയര്‍ ടേക്കര്‍ ആയി ‘ശിക്ഷ’. വിദ്യാര്‍ഥി, കലക്ടര്‍ ജാഫര്‍ മലിക്കിന് നല്‍കിയ പരാതിയില്‍ ആര്‍ടിഒ അന്വേഷണം നടത്തിയിരുന്നു.

അതിനു ശേഷം കലക്ടറാണ് കണ്ടക്ടറെ നല്ലനടപ്പിനു വിട്ടത്. മന്ത്രി കെ.ടി.ജലീലാണ് കലക്ടര്‍ക്ക് പരാതി നല്‍കാന്‍ കുട്ടിയോട് ആവശ്യപ്പെട്ടത്. ‘അനിയന്‍ ഇറങ്ങാനുണ്ട്’ എന്നു പലതവണ വിളിച്ചുപറഞ്ഞിട്ടും, ബസ് മുന്നോട്ടെടുക്കാന്‍ കണ്ടക്ടര്‍ ഡബിള്‍ ബെല്‍ നല്‍കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.

കലക്ടറുടെ ഫെയ്‌സ്ബുക് പോസ്റ്റ്:

”മഞ്ചേരി പരപ്പനങ്ങാടി റൂട്ടില്‍ ഇന്നലെ ( 23/07/2019) വൈകിട്ട് വിദ്യാര്‍ത്ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പില്‍ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയില്‍ മലപ്പുറം ആര്‍.ടി.ഒ മുഖേന ആവശ്യമായ അന്വേഷണം നടത്തുകയും ആര്‍.ടി. ഒ ബസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

ബസിലെ കണ്ടക്ടര്‍ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തില്‍ ഇയാള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കി പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ത്ഥികളോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ് . ബസ് കണ്ടക്ടര്‍ 10 ദിവസം രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെ തവനൂര്‍ ശിശുഭവനില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുന്നതിന് ഉത്തരവ് നല്‍കുകയും ഇതിനായി 25/07/2019ന് 9 മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

പ്രസ്തുത കാലയളവില്‍ ഇദ്ദേഹം ശിശുഭവന്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതും തുടര്‍ന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളുന്നതുമാണ്. ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തുദിവസങ്ങള്‍ക്കുശേഷം കുഞ്ഞുങ്ങളെ സ്‌നേഹിക്കുകയും അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് നമുക്കു പ്രത്യാശിക്കാം”.