പത്തു വര്‍ഷം മുന്‍പ് വിറ്റ ബൈക്കിന്റെ ഉടമസ്ഥാവകാശം മാറ്റിയില്ല; കിടപ്പാടവും ജീവിതവും നഷ്ടപ്പെട്ട് കൊല്ലത്തെ ഒരു കുടുംബം

single-img
25 July 2019

കരുനാഗപ്പള്ളി തൊടിയൂര്‍ വടക്ക് ശ്രീജ ഭവനില്‍ എ.പുരുഷോത്തമന്‍ (60) സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊരു അക്കിടി. പത്തു വര്‍ഷം മുന്‍പ് വിറ്റ ബൈക്ക് ഇപ്പോള്‍ പുരുഷോത്തമനെയും കുടുംബത്തെയും വഴിയാധാരമാക്കിയിരിക്കുകയാണ്. ബൈക്കിന്റെ ഉടമസ്ഥാവകാശം മാറ്റാതിരുന്നതാണ് പുരുഷോത്തമന് തിരിച്ചടിയായത്.

പുരുഷോത്തമന്‍ തന്റെ പേരിലുള്ള ബൈക്ക് 2009 മേയ് 25 നു വാഹന ബ്രോക്കര്‍ക്കാണ് വില്‍ക്കുന്നത്. വില്‍പന നടത്തിയ ദിവസം മുതല്‍ വാഹനത്തിന് ഉണ്ടായേക്കാവുന്ന എല്ലാ തരത്തിലുള്ള ബാധ്യതകളുടെ ഉത്തരവാദിത്തം സംബന്ധിച്ചുള്ള ധാരണാ പത്രവും തയാറാക്കി.

2012 ഫെബ്രുവരി രണ്ടിന് വവ്വാക്കാവ് ജംക്ഷനില്‍ ഈ ബൈക്ക് തട്ടി റോഡിലേക്ക് വീണ ഈരാറ്റുപേട്ട സ്വദേശി അബ്ബാസ് മിനി ലോറി കയറി ഇറങ്ങി തല്‍ക്ഷണം മരിച്ചിരുന്നു. പുരുഷോത്തമന്‍ ഓട്ടോ കണ്‍സല്‍റ്റന്റിനു വിറ്റ വാഹനം ഉടമസ്ഥാവകാശം മാറ്റാതെയും ഇന്‍ഷുറന്‍സ് എടുക്കാതെയും മറ്റൊരാളിനു വില്‍ക്കുകയായിരുന്നു.

പുരുഷോത്തമന്‍ വാഹനം വില്‍പന നടത്തി രണ്ടര വര്‍ഷം കഴിയുമ്പോഴായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ബൈക്ക് ഓടിച്ച സന്തോഷ് പിന്നീട് ആത്മഹത്യ ചെയ്തു. ഏറെ നാള്‍ കഴിഞ്ഞ് പൊലീസ് വീട്ടിലെത്തുമ്പോഴാണ് പുരുഷോത്തമന്‍ അപകട വിവരവും ബൈക്കിന്റെ ഉടമസ്ഥാവകാശം മാറ്റാതിരുന്ന കാര്യവും അറിയുന്നത്.

അപകടത്തില്‍ മരിച്ച ആളിന്റെ കുടുംബത്തിനു 21 ലക്ഷം രൂപയുടെ നഷ്ടപരിഹാര തുക ലോറിയുടെ ഇന്‍ഷുറന്‍സ് കമ്പനി നല്‍കാന്‍ ഉത്തരവിട്ടിരുന്നു. അപകടത്തില്‍ രണ്ടു വാഹനങ്ങളും ഉത്തരവാദിയാണെന്നു കാണിച്ച് ഇന്‍ഷുറന്‍സ് കമ്പനി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ അപകടത്തിന് രണ്ടു വാഹനങ്ങളും ഉത്തരവാദി ആണെന്നും പകുതി പണം ബൈക്കിന്റെ ഉടമ നല്‍കണമെന്നും വിധിച്ചു.

വിധി വന്ന് ആറു മാസം കഴിഞ്ഞപ്പോള്‍ പുരുഷോത്തമന്റെ വീട് ജപ്തിക്കുള്ള നടപടികള്‍ തുടങ്ങിയിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കി കാത്തിരിക്കുകയാണ് പുരുഷോത്തമനും കുടുംബവും.