‘ജയ് ശ്രീറാം’ കൊലവിളിയായി മാറി; മോദിക്ക് ചലച്ചിത്ര മേഖലയിലെ 49 പ്രമുഖരുടെ കത്ത്

single-img
24 July 2019

ന്യൂഡൽഹി: രാജ്യത്ത് തുടരുന്ന ആൾക്കൂട്ട ആക്രമണങ്ങളും മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര മേഖലയിലെ 49 പ്രമുഖർ കത്തയച്ചു. ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. റാം എന്നത് ഭൂരിപക്ഷ സമുദായത്തിന്‍റെ വിശുദ്ധനാണ്. രാമനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നിർത്തേണ്ടതുണ്ടെന്നും 23ാം തീയതി അയച്ച തുറന്ന കത്തിൽ ആവശ്യപ്പെടുന്നു. 

ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു, അതോടൊപ്പം സമാധാനം ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് അടുത്ത കാലത്തായി ഉണ്ടാകുന്ന സംഭവ വികാസങ്ങളിൽ അതിയായ ഉത്‌കണ്‌ഠയുണ്ട്. ഇന്ത്യ മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നു. ജാതി, മത, വർഗ, ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരും തുല്യരാണ്. ഭരണഘടന പൗരന്മാർക്ക് നൽകുന്ന അവകാശങ്ങൾ ഉറപ്പാക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. 

മുസ് ലിം, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇല്ലാതാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. 2016ൽ ദലിതുകൾക്ക് നേരെ മാത്രം 840 അതിക്രമങ്ങൾ ഉണ്ടായെന്ന നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ്. ചില ആക്രമണങ്ങളെ കുറിച്ച് താങ്കൾ പാർലമെന്‍റിൽ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ, അതിക്രമങ്ങൾ അവസാനിക്കുന്നില്ല. അക്രമികൾക്കെതിരെ എന്ത് നടപടിയാണ് താങ്കൾ സ്വീകരിച്ചതെന്നും കത്തിൽ ചോദിക്കുന്നു. 

ചലച്ചിത്ര മേഖലയിലെ പ്രമുഖരായ അടൂർ ഗോപാലകൃഷ്ണൻ, മണി രത്നം, അനുരാഗ് കശ്യപ്, അപർണ സെൻ, കങ്കണാ സെൻ ശർമ, സൗമിത്ര ചാറ്റർജി, ബിനായക് സെൻ, രേവതി, ശ്യാം ബെനഗൽ, ശുഭ മുദ്ഗൈ, രൂപം ഇസ് ലാം, അനുപം റോയ്, ഋദി സെൻ  അടക്കമുള്ളവരാണ് കത്തിൽ ഒപ്പുവെച്ചത്.