ചന്ദ്രയാൻ 2; വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂർ കൗണ്ട്‍ ഡൗൺ ആരംഭിച്ചു

single-img
21 July 2019

ഇന്ത്യ ആദ്യം സാങ്കേതിക കാരണങ്ങൾ കൊണ്ട് മാറ്റിവച്ച ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്‍റെ വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂർ കൗണ്ട്‍ ഡൗൺ ആരംഭിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്നും നാളെ ഉച്ചക്ക് 2.43ന് ചന്ദ്രയാൻ രണ്ടിന്‍റെ വിക്ഷേപണം നടക്കും.

ദൌത്യ വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സൽ ഇന്നലെ രാത്രിതന്നെ പൂർത്തിയായിരുന്നു.ഇപ്പോള്‍ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഒരു തവണ കൂടി ഉറപ്പാക്കിയ ശേഷമാണ് ഇന്ന് വൈകിട്ട് 6.43-ന് കൗണ്ട് ഡൗൺ ആരംഭിച്ചത്.കൗണ്ട് ഡൗൺ ആരംഭിച്ചശേഷം കൃത്യം 20 മണിക്കൂറിന് ശേഷം, ചന്ദ്രയാൻ – 2 ആകാശത്തേക്ക് കുതിച്ചുയരും. ജിഎസ്എൽവിയുടെ മാ‍ർക് ത്രീ എം 1 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ആണ് തുടങ്ങിയത്.

കൗണ്ട് ഡൗൺ ആരംഭിച്ച പിന്നാലെ റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടങ്ങി. ഇതില്‍ ദ്രവ ഇന്ധനം നിറക്കേണ്ട എൽ 110-ലും ഖര ഇന്ധനം വേണ്ട സ്ട്രാപ്പോണുകളിലും ആണ് ആദ്യം ഇന്ധനം നിറയ്ക്കുന്നത്. കൗണ്ട് ഡൗണില്‍ അവസാന മണിക്കൂറിലാണ് മൂന്നാം ഘട്ടമായ ക്രയോജനിക് സ്റ്റേജിലേക്കുള്ള ഇന്ധനം നിറയ്ക്കുന്നത്.