ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ 18 പേര്‍ ഇന്ത്യക്കാര്‍; വിട്ടയക്കണമെന്ന് ഇറാനോട് ഇന്ത്യ

single-img
20 July 2019

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ 18 ഇന്ത്യക്കാരുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.ഉടന്‍ തന്നെ ഇവരെ വിട്ടയക്കണമെന്ന് ഇറാനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയായിരുന്നു കപ്പൽ ഇറാൻ പിടിച്ചെടുത്തത്. അന്താരാഷ്‌ട്ര സമുദ്രാതിര്‍ത്തി കപ്പല്‍ ലംഘിച്ചുവെന്നാരോപിച്ച് ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാൻ പിടിച്ചെടുത്തത്.

ആകെ 23 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഈ കൂട്ടത്തില്‍ നാവികനടക്കം 18 പേരും ഇന്ത്യാക്കാരാണ്. ഇവരെ വിട്ടയക്കാനാവശ്യപ്പെട്ട് ഇറാനുമായി ബന്ധപ്പെട്ട് വരികയാണെന്ന് വിദേശകാര്യ വക്താവ് രവീഷ്കുമാര്‍ അറിയിച്ചു. റഷ്യ, ഫിലിപ്പീൻസ്, ലാത്ത്വിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റ് അഞ്ച് പേർ.
അന്താരാഷ്‌ട്ര സമുദ്രാതിർത്തി കടന്നുവന്ന എണ്ണക്കപ്പൽ, ഇറാന്റെ മത്സ്യബന്ധന ബോട്ടുമായി മുഖാമുഖം വന്ന സാഹചര്യത്തിലാണ് പിടിച്ചെടുത്തതെന്നാണ് ഇറാന്റെ വിശദീകരണം.

എന്നാല്‍ ദമാസ്കസിൽ ഇറാന് മേല്‍ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ വിലക്ക് മറികടന്ന ഇറാൻ ടാങ്കർ, ഈ മാസം ആദ്യത്തിൽ ബ്രിട്ടണും ജിബ്രാൾട്ടർ പൊലീസും ചേർന്ന് പിടിച്ചെടുത്തിരുന്നു. അന്തർദേശീയ സമുദ്രാതിർത്തിയിൽ തുടരുന്ന സംഘർഷത്തിലുള്ള ഇറാന്‍റെ പ്രതികരണമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് സൂചന.