എന്റെ പരിമിതികളെക്കുറിച്ച്‌ എനിക്കറിയാം അതുകൊണ്ട് തന്നെ എല്ലാ കഥാപാത്രങ്ങളും ചെയ്യാന്‍ സാധിച്ചെന്ന് വരില്ല: അനു സിതാര

single-img
6 July 2019

കുഞ്ചാക്കോ നായകനായ രാമന്റെ ഏദന്‍തോട്ടത്തിലെ മാലിനി എന്ന കഥാപാത്രം അനു സിതാര എന്ന താരത്തിന് സിനിമാലോകത്ത് പ്രേക്ഷക മനസ്സുകളിൽ കൃത്യമായ ഒരു സ്ഥാനം നൽകി കൊടുത്ത ചിത്രമാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ മനസില്‍ ചേക്കേറിയ താരത്തിനു കൈ നിറയെ ചിത്രങ്ങളാണ് ഇപ്പോൾ. എങ്കിലുംതന്റെ പരിമിതികളെക്കുറിച്ച്‌ തനിക്കറിയാമെന്നും അതുകൊണ്ട് തന്നെ എല്ലാ കഥാപാത്രങ്ങളും ചെയ്യാന്‍ തനിക്ക് സാധിച്ചെന്ന് വരില്ലെന്നുമാണ് അനു പറയുന്നത്.

ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അഭിനയത്തെ കുറിച്ച്‌ താരം മനസ് തുറന്നത്.’ സിനിമയില്‍ പരീക്ഷണ റോളുകള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. എന്നാല്‍ ചിലപ്പോള്‍ ആ കഥാപാത്രത്തോട് ഞാന്‍ നോ പറഞ്ഞേക്കാം. കാരണം ഞാന്‍ ഇനിയും ഏറെ പഠിക്കാനുണ്ട്. എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന കഥാപാത്രങ്ങളാണ് ഞാന്‍ ചെയ്യാറുള്ളത്. മിഥുനത്തില്‍ ഉര്‍വ്വശി ചേച്ചി അവതരിപ്പിച്ചത് പോലുള്ള കഥാപാത്രം ചെയ്യാന്‍ ഇഷ്ടമാണ്’ – അനു സിത്താര അഭിമുഖത്തില്‍ പറഞ്ഞു.

ചരിത്ര പശ്ചാത്തലത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കമാണ് താരത്തിന്റെ അടുത്ത ചിത്രം. മലയാളത്തില്‍ ചരിത്ര സിനിമകള്‍ വളരെ അപൂര്‍വ്വമായാണ് സംഭവിക്കാറുള്ളത്. അതുകൊണ്ട് തന്നെ മാമാങ്കത്തിലെ അവസരം നഷ്ടപ്പെടുത്താന്‍ തോന്നിയില്ല. മറ്റുള്ള എല്ലാവരെയും പോലെ ഞാനും ചിത്രത്തിനായി കാത്തിരിക്കുകയാണ് എന്നും താരം കൂട്ടിച്ചേര്‍ത്തു.