ഇന്ത്യ- ബംഗ്ലാദേശ് മത്സരത്തിനിടെ താരമായി 87 കാരി

single-img
3 July 2019


രോഹിത് ശര്‍മയുടെ സെഞ്ചുറിയും, മുസ്തഫിസുര്‍ റഹ്മാന്റെ അഞ്ചു വിക്കറ്റ് പ്രകടനവും ബര്‍മിങ്ങ്ഹാമില്‍ കൂടിയ ഇന്ത്യ – ബംഗ്ലാദേശ് ആരാധകര്‍ക്ക് കാഴ്ചവിരുന്നായിരുന്നു. എന്നാല്‍ ബര്‍മിങ്ഹാം സ്റ്റേഡിയത്തിന്റെയും ഇന്ത്യ – ബംഗ്ലാദേശ് മത്സരം ടിവിയില്‍ കാണുന്ന കോടിക്കണക്കിന് ആളുകളുടെയും മനം കവര്‍ന്ന ഒരു താരം ഗ്യാലറിയിലുണ്ടായിരുന്നു. ഇന്ത്യന്‍ ബാറ്റിങ്ങിന്റെ മുഴുവന്‍ സമയവും ഒരു പീപ്പിയും ഊതി താരങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഈ മുത്തശ്ശി.

ചാരുലത പട്ടേലെന്ന മുത്തശ്ശിയാണ് പ്രായത്തിന്റെ അവശതകള്‍ ഇല്ലാതെ നീലപ്പടയെ പ്രോത്സാഹിപ്പിക്കാനെത്തിയത്. മത്സരം ജയിച്ചതിന് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ചേര്‍ന്ന് ആരാധികയെ നേരില്‍ കണ്ടു.

സെമി മത്സരങ്ങള്‍ക്ക് താരങ്ങള്‍ അവരില്‍ നിന്ന് അനുഗ്രഹം തേടി. നിരവധി വര്‍ഷങ്ങളായി താന്‍ ക്രിക്കറ്റ് കാണാറുണ്ടെന്നും ടീമിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ചാരുലത പട്ടേല്‍ പറഞ്ഞു.

‘ലോകകപ്പ് ഇന്ത്യ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യ വിജയിക്കണമെന്ന് ഞാന്‍ ഗണപതിയോട് പ്രാര്‍ത്ഥിക്കുന്നു. ടീമിനെ എല്ലായ്‌പ്പോഴും അനുഗ്രഹിക്കുന്നു- ചാരുലത പറഞ്ഞു.

1983ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയതിന് താന്‍ സാക്ഷിയായിരുന്നെന്ന് ചാരുലത അവകാശപ്പെട്ടു. റിഷഭ് പന്ത് ബൗണ്ടറി നേടിയപ്പോള്‍ ആഹ്ലാദം പ്രകടിപ്പിച്ച മുത്തശ്ശി ആരാധികയെ ടെലിവിഷന്‍ ക്യാമറമാനാണ് കണ്ടെത്തിയത്.

പിന്നീട് ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഇവരുടെ ചിത്രങ്ങള്‍ വൈറലാവുകയായിരുന്നു. ഇതിന് പിന്നാലെ ചാരുലതക്കൊപ്പമുള്ള ചിത്രം കോഹ്ലിയും ബി.സി.സി.ഐയുംട്വീറ്റ് ചെയ്തു.