റബര്‍ സ്റ്റാംപായി പ്രവര്‍ത്തിക്കുന്നത് ആര്‍ക്ക് വേണ്ടി?; പൊലീസ് കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ യതീഷ് ചന്ദ്രയെ അപമാനിച്ച് സംഘടനാ നേതാവ്

single-img
2 July 2019

പോലീസ് സൊസൈറ്റി പ്രസിഡന്റ് കൂടിയായ കമ്മീഷണര്‍ യതീഷ് ചന്ദ്രയെ വാട്‌സ്ആപ്പിലൂടെ ആക്ഷേപിച്ച് പോലീസ് അസോസിയേഷന്‍ ജില്ല സെക്രട്ടറി. പൊലീസ് കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് സംഘടനാ നേതാവിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സൊസൈറ്റിയിലെ അറ്റന്‍ഡര്‍ തസ്തികയിലേക്ക് നടന്ന നിയമനവുമായി ബന്ധപ്പെട്ടാണ് പോസ്റ്റ്.

സാമ്പത്തിക അഴിമതി ആരോപിക്കപ്പെട്ട നിയമനത്തില്‍ ‘സൊസൈറ്റി പ്രസിഡന്റ് റബര്‍ സ്റ്റാംപ് ആയി പ്രവര്‍ത്തിക്കുന്നത് ആര്‍ക്കുവേണ്ടി’ എന്നാണ് നേതാവിന്റെ പോസ്റ്റ്. നിയമനത്തില്‍ അഴിമതിയുണ്ടെന്നുകാട്ടി പൊലീസ് അസോസിയേഷനിലെ ഭരണാനുകൂല വിഭാഗം കുറച്ചുദിവസങ്ങളായി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. അസോസിയേഷന്റെ മുന്‍ സംസ്ഥാന പ്രസിഡന്റിനെ ലക്ഷ്യംവച്ചായിരുന്നു പ്രചാരണങ്ങള്‍.

സ്വാധീനം ഉപയോഗിച്ച് മുന്‍ പ്രസിഡന്റ് തന്റെ ആശ്രിതന് സൊസൈറ്റിയില്‍ നിയമനം നേടിക്കൊടുത്തെന്നാണ് ആരോപണം. എന്നാല്‍, സ്‌പെഷല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ആരോപണം ശരിയല്ലെന്നു കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കണ്‍ട്രോള്‍ റൂമിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ജില്ലാ സെക്രട്ടറി പോസ്റ്റിട്ടത്.

നിയമനം ലഭിച്ചയാളില്‍ നിന്ന് എത്ര പണം വാങ്ങി എന്നത് അന്വേഷണം നടത്തേണ്ട കാര്യമല്ലേ എന്നു പോസ്റ്റില്‍ ചോദിക്കുന്നു. അതേസമയം തന്നെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിലും സൊസൈറ്റി പ്രസിഡന്റിനെ അപമാനിക്കുന്ന വിധത്തിലും വാട്‌സാപ്പ് പ്രചാരണം നടത്തിയ അസോസിയേഷന്‍ നേതാവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു മുന്‍ പ്രസിഡന്റ് കമ്മിഷണര്‍ക്കു പരാതി നല്‍കി.