പൊലീസിന് ജുഡീഷ്യല്‍ അധികാരം കൂടി നല്‍കിയാല്‍ എന്താകും ?; നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ വിഎസിന്റെ വിമര്‍ശനം

single-img
2 July 2019

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. പോലീസ് സേനയില്‍ അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ ഗുരുതരമാണ്. സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിയമസഭയില്‍ ആവശ്യപ്പെട്ടു.

ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണെങ്കില്‍ പോലും പോലീസുമായി ബന്ധപ്പെട്ട് വരുന്ന വിഷയങ്ങള്‍ നോക്കുമ്പോള്‍ വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളതെന്ന് വിഎസ് പറഞ്ഞു. ഇങ്ങനെയുള്ള പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കിയാല്‍ എന്താകും സംഭവിക്കുക എന്ന് കണ്ണുതുറന്ന് കാണേണ്ട സഹചര്യം കൂടിയാണ് ഇപ്പോഴുള്ളത്.

എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നിയന്ത്രിച്ചാല്‍ കേരളം ക്രമസമാധാന പാലനത്തില്‍ ഒന്നാമതായി വരാന്‍ സാധ്യതയുണ്ടെന്നും വിഎസ് പറഞ്ഞു. കേരള ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് പോലീസുമായി ബന്ധപ്പെട്ട സംഭവങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്.

ആന്തൂരിലെ പ്രവാസി ജീവനൊടുക്കിയ സംഭവത്തില്‍ ജനപ്രതിനിധികളെ പരോക്ഷമായി വിമര്‍ശിച്ചും വിഎസ് രംഗത്തെത്തി. ചില കാര്യങ്ങളില്‍ വീഴ്ചയുണ്ടായി. ജനപ്രതിനിധികള്‍ക്ക് വീഴ്ചയില്‍നിന്ന് ഒഴിയാനാവില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

നിലംനികത്തലുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ വിഎസിന്റെ പ്രസംഗത്തിലുണ്ടായിരുന്നു. ഉത്പാദകരെയും ഉത്പാദക ബന്ധങ്ങളെയും മറന്നുകൊണ്ടുള്ള വികസന കാഴ്ചപ്പാട് എല്‍ഡിഎഫിന്റെ കാഴ്ചപ്പാടല്ല. ഇത്തരത്തിലുള്ള വികസനം സുസ്ഥിരമാകില്ലെന്നും വിഎസ് പറഞ്ഞു.