യുപിയില്‍ ഒബിസി വിഭാഗക്കാരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തി; യോഗി സർക്കാരിന്റെ നടപടിയെ തള്ളിപറഞ്ഞ് കേന്ദ്രസര്‍ക്കാര്‍

single-img
2 July 2019

യുപിയിൽ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒബിസി വിഭാഗക്കാരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തിയത് അസാധുവാകാൻ സാധ്യത. നടപടിയെ കേന്ദ്രസർക്കാർ തള്ളിപറഞ്ഞു. സംസ്ഥാന സർക്കാർ 17 പിന്നാക്ക വിഭാഗങ്ങളെ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്രം അറിയിച്ചു.

സംസ്ഥാന സർക്കാർ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തിയ 17 ഒബിസി വിഭാഗക്കാര്‍ക്കും ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗെഹ്ലോട്ട് അറിയിച്ചു. തീരുമാനം എടുക്കും മുൻപ് കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിക്കാതെയാണ് യോഗി സര്‍ക്കാര്‍ ജൂണ്‍ 24ന് പിന്നാക്ക വിഭാഗങ്ങളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കിയത്.

മാത്രമല്ല ഉത്തരവിൽ കൃത്യമായ നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും മന്ത്രി പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടി. കശ്യപ്, രാജ്ഭര്‍, ധീവര്‍, ബിന്ദ്, കുംഹര്‍, കഹാര്‍, കേവത്, നിഷാദ്, ബഹര്‍, മല്ലാ, പ്രജാപതി, ധീമര്‍, ബതാം, തുര്‍ഹ, ഗോദിയ, മാഞ്ചി, മചുവ എന്നീ പിന്നാക്ക വിഭാഗക്കാരെയാണ് പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തിയത്. സർക്കാർ നടപടിക്കെതിരെ ബിഎസ്പി നേതാവ് മായാവതി ഉള്‍പ്പെടെയുളള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.