കുരുക്ക് മുറുകുന്നു; എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തേക്കും

single-img
2 July 2019

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ മൊഴിയെടുക്കും. ഗൂഢാലോചന നടന്നത് ഷംസീര്‍ ഉപയോഗിക്കുന്ന സഹോദരന്റെ ഉടമസ്ഥതയിലുള്ള വാഹനത്തില്‍ വെച്ചാണെന്ന കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷംസീറിന്റെ മൊഴിയെടുക്കുക.

അറസ്റ്റിലായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി എന്‍.കെ. രാഗേഷ് സന്തോഷുമായി ഗൂഢാലോചന നടത്തിയതായും സംഭവ ദിവസവും തൊട്ടടുത്ത ദിവസവും ഷംസീര്‍ ഇവരെ നിരവധി തവണ ഫോണ്‍ ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ചോനാടം കിന്‍ഫ്ര പാര്‍ക്കിന് മുന്നില്‍ വെച്ചായിരുന്നു ആദ്യ ഗൂഢാലോചന നടന്നത്.

ഇതേ കാറില്‍ വെച്ചു തന്നെ കുണ്ടുചിറയില്‍ വെച്ച് രണ്ടാമത്തെ ഗൂഢാലോചനയും നടന്നതായും സന്തോഷ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് വാഹനത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയതില്‍ നിന്നാണ് കാര്‍ ഷംസീറിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പൊലീസ് കണ്ടെത്തിയത്.

ഈ വാഹനം പലപ്പോഴും ഓടിച്ചിരുന്നത് അറസ്റ്റിലായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി എന്‍.കെ. രാഗേഷായിരുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പോലും ഷംസീര്‍ ഉപയോഗിക്കുന്ന വാഹനമാണിതെന്നും പൊലീസ് കണ്ടെത്തി. തന്നെ ആക്രമിച്ചതിന് പിന്നില്‍ ഷംസീറാണെന്ന് സി.ഒ.ടി നസീര്‍ ആരോപിച്ചിരുന്നു.

രണ്ടാം തവണ മൊഴിയെടുത്തപ്പോള്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞതായും നസീര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ എ.എന്‍. ഷംസീറിന്റെ പങ്ക് സംശയിക്കത്തക്ക വിധം തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് പൊട്ടി സന്തോഷാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. സന്തോഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.