നെടുങ്കണ്ടം കസ്റ്റഡിമരണം: ബലിയാടാക്കുന്നതിനെതിരെ പൊലീസുകാർക്കിടയിൽ അമർഷം പുകയുന്നു

single-img
2 July 2019

പൊലീസ് കസ്റ്റഡിയില്‍ രാജ്കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയില്ലാത്തതില്‍ പൊലീസുകാര്‍ക്കുള്ളില്‍ പ്രതിഷേധം. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതിനെതിരെയാണ് പൊലീസുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നത്. അവധിയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുത്തുവെന്നാണ് ആരോപണം. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ പരാതി നല്‍കുമെന്ന് പൊലീസ് സേനയിലെ ഒരു വിഭാഗം അറിയിച്ചിട്ടുണ്ട്.

സംഭവത്തില്‍ ഇന്നലെ പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരേ അന്വേഷണത്തിന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ഉത്തരവിട്ടിരുന്നു. ജയില്‍ ഡി.ഐ.ജി സാം തങ്കയ്യനാണ് അന്വേഷണ ചുമതല. നാലു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഋഷിരാജ് സിങ്ങ് അറിയിച്ചു.

രാജ്കുമാറിന് പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനമേറ്റതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനകളുള്ള സാഹചര്യത്തിലാണ് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടിരിക്കുന്നത്.

കസ്റ്റഡിമരണക്കേസില്‍ കുറ്റക്കാരായവര്‍ സര്‍വീസിലുണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. കേസില്‍ കുറ്റക്കാരായ ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും ക്രൈം ബ്രാഞ്ച് അന്വേഷണവും വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.