മുംബൈയിൽ കനത്ത മഴ: ജനജീവിതം സ്തംഭിച്ചു; മതിലിടിഞ്ഞ് 12 മരണം: പൊതു അവധി പ്രഖ്യാപിച്ചു

single-img
2 July 2019

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈയിൽ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. അത്യാവശ്യ സേവനങ്ങൾ മാത്രമായിരിക്കും ഇന്ന് ലഭ്യമാവുക. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കൺ, താനെ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ മതില്‍ ഇടിഞ്ഞ് 12 പേർ മരിച്ചു. പൂനെയിലെ കോളേജിലാണ് അപകടം. 13 പേര്‍ക്ക് പരിക്കേറ്റു. രാത്രി ഒന്നേകാലോടെയാണ് കോളജ് മതില്‍ തകര്‍ന്നു വീണ് അപകടമുണ്ടായത്. കനത്ത മഴയില്‍ ഭിത്തിയുടെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

ഇതിനോടകം തന്നെ മഹാരാഷ്ടയിലെ നഗരയിടങ്ങള്‍ പലതും വെള്ളത്തില്‍ മുങ്ങി. ഒഡിഷയിലും വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.

മുംബൈ എയർപോർട്ടിലെ പ്രധാന റൺവേ അടച്ചു. നഗരത്തിലെ സബർബൻ ട്രെയ്നുകളും സർവീസ് അവസാനിപ്പിച്ചു. ചൊവ്വാഴ്ചയും ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പറയുന്നത്. ബുധനാഴ്ചയോടെ മഴയ്ക്ക് ശക്തികുറയുമെങ്കിലും മൂന്നുദിവസംകൂടി മഴയുണ്ടാവും.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്നലെ നാല് പേര്‍ മരിച്ചിരുന്നു. ശിവാജി നഗറില്‍ ഷോക്കേറ്റ് ഒരാളും ഇടിമിന്നലേറ്റ് മൂന്ന് പേരുമാണ് മരിച്ചത്.