കുറ്റം ചെയ്തയാള്‍ ആരുടെ മകനെന്ന് നോക്കേണ്ടതില്ല: ബി.ജെ.പി നേതാവിനെ തള്ളി മോദി

single-img
2 July 2019

നഗരസഭാ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മധ്യപ്രദേശ് ബി.ജെ.പി എം.എല്‍.എ ആകാശ് വിജയ് വര്‍ഗിയയെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിങ്ങില്‍ പങ്കെടുത്തു സംസാരിക്കവേയാണ് ആകാശ് വിജയ് വര്‍ഗിയയുടെ നടപടിക്കെതിരെ മോദി രംഗത്തെത്തിയത്.

കുറ്റം ചെയ്തയാള്‍ ആരുടെ മകനാണെന്ന് നോക്കേണ്ടതില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സ്വഭാവം അംഗീകരിക്കാനാവില്ല. ഇത്തരക്കാരെ പിന്തുണക്കുന്നവരെയടക്കം പുറത്താക്കുമെന്നും മോദി പറഞ്ഞു. ഇത്തരത്തിലുള്ള നടപടികള്‍ ഇനി ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ശക്തമായ നടപടി തന്നെ പ്രതീക്ഷിക്കാമെന്നും മോദി യോഗത്തില്‍ പറഞ്ഞു.

കയേറ്റം ഒഴിപ്പിക്കാനെത്തിയ ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫിസറെ ബാറ്റുകൊണ്ട് അടിച്ച വിജയ് വര്‍ഗിയയെ അറസ്റ്റ് ചെയ്തിരുന്നു. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ നഗരത്തിലെ ഗഞ്ചി കോമ്പൗണ്ടിലായിരുന്നു സംഭവം. പട്ടാപ്പകല്‍ പൊതുജന മധ്യത്തില്‍ നടന്ന മര്‍ദന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എം.എല്‍.എയും ഉദ്യോഗസ്ഥനും തമ്മില്‍ വക്കേറ്റമുണ്ടാവുകയും ഇതേതുടര്‍ന്ന് എം.എല്‍.എ ബാറ്റുപയോഗിച്ച് ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയുമായിരുന്നു