യുദ്ധ മുന്നറിയിപ്പുമായി ഇറാന്‍; അമേരിക്ക ആക്രമിച്ചാല്‍ അരമണിക്കൂറിനകം ഇസ്രയേലിനെ തകര്‍ക്കും

single-img
2 July 2019

അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ ഇസ്രായേലിനെ നശിപ്പിച്ച് കളയുമെന്ന ഭീഷണിയുമായി ഇറാന്‍. ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷ വിദേശ നയ കമ്മീഷന്‍ ചെയര്‍മാനായ മൊജ്താബ സൊന്നൂര്‍ ആണ് മുന്നറിയിപ്പുമായി രംഗത്ത് വന്നത്.

ഇറാനെ ആക്രമിക്കാനുള്ള നീക്കം പെട്ടെന്നു വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദം രാഷ്ട്രീയ നാടകമാണെന്ന് മൊജ്താബ പറഞ്ഞു. ആക്രമണം വിജയമാകുമെന്ന് അമേരിക്കയ്ക്ക് ഉറപ്പുണ്ടായിരുന്നെങ്കില്‍ അവര്‍ അതു തടയുമായിരുന്നില്ല.

പ്രസിഡന്റിന്റെ ഉപദേശകര്‍ പരാജയം മണത്തിരുന്നുവെന്നും മൊജ്താബ കൂട്ടിച്ചേര്‍ത്തു. മേഖലയിലെ അമേരിക്കയുടെ 36 സൈനിക കേന്ദ്രങ്ങളും ഇറാന്റെ നിരീക്ഷണത്തിലാണെന്നും മൊജ്താബ പറഞ്ഞു. അമേരിക്ക ഞങ്ങളെ ആക്രമിച്ചാല്‍ ഇസ്രയേലിന്റെ ആയുസ്സ് പിന്നെ അരമണിക്കൂര്‍ മാത്രമേ നീളൂ – മൊജ്താബ വ്യക്തമാക്കി.

ഇറാനും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷഭരിതമായ ബന്ധത്തെത്തുടര്‍ന്നാണ് ഇത്തരമൊരു പ്രസ്താവന അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. മധ്യപൂര്‍വദേശത്ത് യുഎസ്–ഇറാന്‍ സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടിരിക്കെ യുഎസ് സഖ്യത്തോടൊപ്പം നില്‍ക്കുന്ന ഇസ്രയേലിന്റെ പ്രകോപനപരമായ നിലപാട് രാജ്യാന്തരതലത്തിലും ആശങ്ക ശക്തമാക്കി.

കഴിഞ്ഞ ദിവസം ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ സിറിയയിലെ സൈനികത്താവളങ്ങള്‍ തകര്‍ത്തതാണ് ഇറാനെ ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ ഒട്ടേറെ സാധാരണക്കാരും ഇറാന്‍ സൈനികരും കൊല്ലപ്പെട്ടതായാണ് ഇറാന്റെ ആരോപണം.

സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ ബഷാര്‍ അല്‍ അസ്സദ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇറാന്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ വിമതരായ കുര്‍ദ് പോരാളികള്‍ക്കൊപ്പം പോരാടുന്ന നയമാണ് യുഎസിനും ഇസ്രയേലിനുമുള്ളത്. അതിനാല്‍ത്തന്നെ സിറിയയുടെ പേരില്‍ ഇറാനും ഇസ്രയേലും തമ്മിലുള്ള ശീതയുദ്ധം വര്‍ഷങ്ങളായുണ്ട്.