തല്ലലും കൊല്ലലും അംഗീകരിക്കില്ല; അത്തരക്കാര്‍ സര്‍വീസില്‍ ഉണ്ടാകില്ല: പിണറായി

single-img
1 July 2019

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്കപ്പിനകത്ത് ആരെയെങ്കിലും തല്ലാനും കൊല്ലാനും ശ്രമിക്കുന്നവരെ ഒരു തരത്തിലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

അത്തരക്കാരെ സര്‍വീസിലും വെച്ചുപൊറുപ്പിക്കില്ല. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വി.ഡി സതീശനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. രാജ്കുമാറിന്റേത് കസ്റ്റഡി മരണമെന്നത് നിരാകരിക്കാതെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിച്ചത്. പീരുമേട് സബ്ജയിലില്‍ കൊണ്ടുവരുമ്പോള്‍ രാജ്കുമാറിന് നടക്കാന്‍ പോലും പ്രയാസമുണ്ടായിരുന്നു.

ഭക്ഷണം കഴിക്കാന്‍ പോലും പരസഹായം വേണ്ട അവസ്ഥയാണുണ്ടായത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ എന്തുകൊണ്ട് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ കിടത്തി ചികിത്സിക്കാന്‍ ശ്രമിച്ചില്ല എന്നും മുഖ്യമന്ത്രി ചോദിച്ചു. അവശ നിലയിലായ രാജ്കുമാറിനെ നെടുങ്കണ്ടത്ത് നിന്നും കോട്ടയത്തുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴും അദ്ദേഹത്തിന് അവശത കൂടുകയല്ലേ ഉണ്ടാവുക, ഇത് വിചിത്രമായ സംഗതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രി ഒരു പശ്ചാത്താപ പ്രസ്തവനയാണ് നടത്തിയതെന്നും നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ മറുപടിയേ തുടര്‍ന്ന് അടിയന്തര പ്രമേത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.