കരിപ്പൂരില്‍ വിമാനം ഹാര്‍ഡ് ലാന്‍ഡിങ്ങ് നടത്തി; ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

single-img
1 July 2019

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം റണ്‍വെയില്‍ ഉരസി. തലനാരിഴയ്ക്കാണ് ദുരന്തം വഴിമാറിയത്. സൗദിയില്‍ നിന്ന് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പുറക് വശം ലാന്‍ഡിംഗിനിടെ റണ്‍വെയില്‍ ഉരസുകയായിരുന്നു. ടയറില്‍ മര്‍ദവ്യതിയാനം ഉണ്ടായതിനെ തുടര്‍ന്ന് വിമാനം ഹാര്‍ഡ് ലാന്‍ഡിങ് നടത്തുകയായിരുന്നു എന്നാണ് വിവരം.

180 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനത്തിന് കേടുപാടുകളുണ്ടെന്നാണ് വിവരം. സാങ്കേതിക വിദഗ്ധരെത്തി പരിശോധിച്ച ശേഷം മാത്രമെ യാത്ര തുടരാനാകു എന്നും അധികൃതര്‍ അറിയിച്ചു. തിരിച്ചുള്ള വിമാനത്തിന് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് പകരം സംവിധാനം ഏര്‍പ്പാടാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തെന്നിമാറിയിരുന്നു.