‘എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ച് ബി.ജെ.പിയിലേക്ക് പോകുന്നതാണ് അവരൊക്കെ’: നിലപാട് വ്യക്തമാക്കി ഇന്ദ്രന്‍സ്

single-img
1 July 2019

താന്‍ ഇപ്പോഴും ഇടതുപക്ഷ ചിന്താഗതിയുള്ള ആളാണെന്ന് നടന്‍ ഇന്ദ്രന്‍സ്. പാര്‍ട്ടി പ്രവര്‍ത്തനമൊന്നും ഇല്ലെങ്കിലും അടിയന്തരാവസ്ഥയും, പു.ക.സ പ്രവര്‍ത്തനവുമൊക്കെയാണ് ഇടതുപക്ഷക്കാരനാക്കിയതെന്നും ഇന്ദ്രന്‍സ് പറയുന്നു. 24 ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്രന്‍സ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പരാജയം വരേണ്ട സാഹചര്യമേ ആയിരുന്നില്ല ഉണ്ടായിരുന്നത്. കാലം മാറുന്നതിനനുസരിച്ച് ആഗ്രഹിക്കുന്നവര്‍ക്ക് ദൈവത്തിന്റെ അടുത്തേക്ക് പോകാം. പക്ഷെ അത് വേണം എന്നുള്ളവരെ തടയേണ്ടതുമില്ല. കാലങ്ങളായി നടക്കുന്ന കേസാണ്.

ഇത്രയും മാറ്റവും പുരോഗതിയും പറയുമ്പോഴും സുപ്രിം കോടതിയുടെ ഉത്തരവ് വരുമ്പോള്‍ അത് നടപ്പാക്കേണ്ട ബാധ്യസ്ഥതയല്ലേ ഞാന്‍ വിശ്വസിക്കുന്നൊരു പാര്‍ട്ടി ചെയ്തുള്ളു. എന്നാല്‍ പൂര്‍ണ്ണമായൂം ശബരിമലയാണ് വിഷയമെന്ന് എനിക്ക് തോന്നുന്നില്ല. കുറച്ചൊക്കെ കേന്ദ്ര ഭരണത്തെക്കുറിച്ചും കൊണ്ടുമാണ്.

കൊലപാതക രാഷ്ട്രീയത്തിന്റെ മണ്ണായി കേരളം മാറുന്നുവെന്ന ആക്ഷേപം വേദനയുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന്
അത്തരം മനോഭാവമുള്ളവരെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ പാര്‍ട്ടി തന്നെ ജീര്‍ണ്ണിച്ചുപോകുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറും കോണ്‍ഗ്രസ് മുന്‍ നേതാവ് അബ്ദുള്ളകുട്ടിയും ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസും അടക്കമുള്ളവരുടെ ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് നിലപാടുണ്ടായിട്ടല്ല എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

‘നിലപാടുണ്ടായിട്ടല്ല ഇവരൊക്കെ പോകുന്നത്. എന്തെങ്കിലും കിട്ടുമെന്ന് വിചാരിച്ചിട്ടാണ്. അതില്‍ ഒരു പ്രത്യയശാസ്ത്രവും കാണത്തില്ല. അത് പിന്നീട് മാറിക്കോളും. ഇപ്പോള്‍ പോകുന്നവരൊക്കെ ഒഴുക്കിനൊത്ത് നില്‍ക്കുക എന്ന് പറയുന്നത് പോലെതന്നെയാണ്.’ ഇന്ദ്രന്‍സ് പറഞ്ഞു.