പാക്കിസ്ഥാനെ ‘തടയാന്‍’ ഇന്ത്യ തോറ്റുകൊടുത്തു?; വിവാദപ്പെരുമഴ

single-img
1 July 2019

ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ആവേശപ്പോരാട്ടത്തില്‍ 31 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഹിറ്റ്മാന്റെ സെഞ്ചുറിയും മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടവും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചില്ല. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യതോല്‍വിയായിരുന്നു ഇത്. ഇതോടെ ഇന്ത്യയുടെ പരാജയത്തെ ചൊല്ലി വന്‍ വിവാദമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

കൂറ്റന്‍ സ്‌കോര്‍ ചേസ് ചെയ്യുമ്പോള്‍വേണ്ട ആക്രമണ മനോഭാവം ഇല്ലാതെ ശാന്തമായ ബാറ്റിംഗ് ആയിരുന്നു ഇന്ത്യയുടേത്. ജയിക്കുന്നതിലും തോല്‍വി ഭാരം കുറയ്ക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധയെന്ന് വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നു. ഡെത്ത് ഓവറുകളില്‍ സിംഗിള്‍ എടുത്ത് കളിച്ച ധോണി, കേദാര്‍ ജാദവ് തുടങ്ങിയവരുടെ സമീപനമാണ് ഇതിനെ സാധൂകരിക്കാന്‍ ചൂണ്ടികാണിക്കപ്പെടുന്നത്. ദയനീയ ബൗളിംഗിലൂടെ ഇന്ത്യ സ്വമേധയാ റണ്‍ വഴങ്ങി ഇംഗ്ലണ്ടിനു കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു എന്നും വിമര്‍ശനമുണ്ട്.

അവസാന പത്ത് ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 104റണ്‍സ്. എന്നാല്‍ ധോണിക്കും കേദാര്‍ ജാദവിനും നേടാനായത് 73റണ്‍സാണ്. അവസാന അഞ്ച് ഓവറില്‍ ജയിക്കാന്‍ വേണ്ടത് 71റണ്‍സ് നേടിയത് 39റണ്‍സ്. ഇന്ത്യ തോറ്റത് 31റണ്‍സിന്. കയ്യില്‍ വിക്കറ്റുകള്‍ ഉണ്ടായിരുന്നു.

പക്ഷെ ബൗണ്ടറികള്‍ കണ്ടെത്തുന്നതിനു പകരം സിംഗിള്‍ എടുത്തുകളിക്കാനാണ് ഇരുവരും ഇഷ്ടപ്പെട്ടത്. ഈ സമയം കമന്ററി ബോക്‌സിലിരുന്ന ഇംഗ്ലണ്ടിന്റെ മുന്‍ താരം നാസര്‍ ഹുസൈന്‍ സൗരവ് ഗാംഗുലിയോട് ചോദിച്ചു, ‘എന്താണ് ഇവര്‍ ഇങ്ങനെ കളിക്കുന്നത്’? ഗാംഗുലി മറുപടി ശ്രദ്ധേയമാണ്.

‘വിവരിക്കാന്‍ എനിക്കാവുന്നില്ല, എങ്ങനെയാണ് ഈ സിംഗിളുകളെ വിവരിക്കേണ്ടതെന്ന് അറിയില്ല’. ഇതായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍. ‘ആ ബാറ്റിങ് കണ്ട് അന്ധാളിച്ചു പോയി’ എന്നാണ് സഞ്ജയ് മഞ്ചരേക്കര്‍ പറഞ്ഞത്. അവസാന ഓവറുകളിലെ ബാറ്റിങ്ങിനെക്കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോലിയുടെ മറുപടിയും ശ്രദ്ധിക്കേണ്ടതാണ്.

‘ഇംഗ്ലണ്ട് ബോളര്‍മാര്‍ സ്ലോ ബോളുകളാണ് എറിഞ്ഞത്, ധോണി ബൗണ്ടറിക്കുള്ള ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും സ്ലോ ബോളുകള്‍ കാരണം അത് സിംഗിളില്‍ ഒതുങ്ങി. ഞങ്ങള്‍ ഒന്നിച്ചിരുന്ന് അതേകുറിച്ച് വിശകലനം ചെയ്യും.’ അവസാന ഓവറുകളിലെ ഇന്ത്യയുടെ ബാറ്റിങ്ങിനെച്ചൊല്ലി ആരാധകരും ഏറ്റുമുട്ടുകയാണ്. ധോണിയും ജാദവും കളിച്ചത് ‘ടെസ്റ്റ് മല്‍സരത്തിന്റെ അവസാന ദിവസത്തെ കളിപോലെയാണ്’. ഇരുവരും നോട്ടൗട്ടാകാന്‍ മല്‍സരിക്കുകയായിരുന്നു. എന്നിങ്ങനെ പോയി കുറിപ്പുകള്‍.

ഇതിനുപുറമെ ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയിയെ തുടക്കത്തിലേ പുറത്താക്കാനുള്ള അവസരം ഇന്ത്യക്ക് ലഭിച്ചിരുന്നു. 11ാം ഓവറിന്റെ അഞ്ചാം പന്തിലായിരുന്നു അത്. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ ഓവറില്‍ ലെഗ്‌സൈഡില്‍വന്ന പന്ത് റോയിയുടെ ഗ്ലൗസില്‍ ഉരസി വിക്കറ്റ് കീപ്പര്‍ എം.എസ്. ധോണിയുടെ കൈയില്‍.

ഇന്ത്യ അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ അത് അനുവദിച്ചില്ല, വൈഡ് വിളിക്കുകയും ചെയ്തു. റിവ്യൂ നല്‍കിയിരുന്നെങ്കില്‍ ഇന്ത്യക്ക് റോയിയെ പുറത്താക്കാമായിരുന്നു. ഡിആര്‍എസ് അവസരങ്ങള്‍ കൃത്യതയോടെ കണ്ടെത്തി ഉപയോഗപ്പെടുത്താറുള്ള ധോണി അത് ചെയ്യാതിരുന്നത് ഇന്ത്യക്ക് വന്‍ തിരിച്ചടിയായി.

തോറ്റുകൊടുത്തു എന്നതില്‍ പ്രചരിക്കുന്നത്?

  1. ഇന്ത്യ തോറ്റത് പാക്കിസ്ഥാനെതിരെ സെമി കളിക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണ്.
  2. ഇംഗ്ലണ്ടിന്റെ സെമിയിലേക്കുള്ള പ്രയാണം ഉറപ്പുവരുത്തുക. പ്രധാനമായും ഉയരുന്നുകേള്‍ക്കുന്നത് ഇതാണ്.

ഇംഗ്ലണ്ടിനോട് ഇന്ത്യ പരാജയപ്പെട്ടാല്‍ പാക്കിസ്ഥാന്റെ സെമി സാധ്യത മങ്ങുമെന്നതായിരുന്നു സാഹചര്യം. ഇന്ത്യക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒരെണ്ണം ജയിച്ചാല്‍ സെമിയില്‍ എത്തുകയും ചെയ്യാം. ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ ജയിച്ചതോടെ, പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെതിരേ ജയിക്കുകയും ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ അവര്‍ക്ക് സെമി സാധ്യതയുണ്ട്.