ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ; അതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി

single-img
1 July 2019

ബിഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ. ഇന്ന് ഹര്‍ജി പരിഗണിക്കവെ പരാതിക്കാരിയുടെ അഭിഭാഷകന്‍ പുതിയ വാദങ്ങള്‍ എഴുതിനല്‍കി.

യുവതിയുടെ വാദങ്ങള്‍ക്ക് മറുപടി പറയാന്‍ ബിനോയുടെ അഭിഭാഷകന് കോടതി സാവകാശം നല്‍കി. ഇതോടെ ഈ വാദങ്ങള്‍കൂടി പരിശോധിച്ചശേഷം വിധി പറയാന്‍ മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതി തീരുമാനിക്കുകയായിരുന്നു. ജാമ്യാപേക്ഷയില്‍ വിധി പറയും വരെ ബിനോയുടെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി.

വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കവെ ബിനോയിയുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. കേസില്‍ വാദങ്ങള്‍ എഴുതിനല്‍കാനും കോടതി പരാതിക്കാരിയുടെ അഭിഭാഷകനെ അനുവദിച്ചു. എന്നാല്‍ കേസില്‍ വാദിക്കാനുള്ള അനുമതി നല്‍കിയില്ല.

യുവതി പീഡന പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞ് ജൂണ്‍ 20നാണ് ബിനോയ് മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോര്‍ട്ടില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. വിവാഹം ചെയ്ത് ഉപേക്ഷിച്ചതിന് 5 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവതി അയച്ച വക്കീല്‍ നോട്ടീസും വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയെന്ന് കാട്ടി യുവതി പൊലീസില്‍ നല്‍കിയ പരാതിയും കാണിച്ച് ഇത് പണം തട്ടാനുള്ള ശ്രമമാണെന്നാണ് ബിനോയ് കോടിയേരിയുടെ വാദം.

യുവതിക്കും കുഞ്ഞിനും ദുബായ് സന്ദര്‍ശിക്കാന്‍ ബിനോയ് സ്വന്തം ഇമെയിലില്‍ നിന്ന് അയച്ച വിസയും വിമാനടിക്കറ്റും യുവതിയുടെ അഭിഭാഷകന്‍ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് പുറമെ കോടതി അനുവദിച്ച പ്രത്യേക അഭിഭാഷകനും യുവതിക്ക് നിയമസഹായം നല്‍കാന്‍ ഒപ്പമുണ്ടായിരുന്നു.

ബിനോയ്‌ക്കെതിരെ ദുബായിയില്‍ ക്രിമിനല്‍ കേസുള്ളത് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ മറച്ചുവച്ചു, കേരളത്തിലെ മുന്‍ ആഭ്യന്തരമന്ത്രിയാണ് ബിനോയ്‌യുടെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെന്നത് സൂചിപ്പില്ല എന്നു തുടങ്ങി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകും എന്ന് ബിനോയ് ഭീഷണിപ്പെടുത്തിയതടക്കം അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കിയെങ്കില്‍ പിന്നെ എങ്ങനെ പീഡന പരാതി നിലനില്‍ക്കുമെന്ന് ബിനോയിയുടെ അഭിഭാഷകന്‍ ചോദിച്ചു. ബലാല്‍സംഗ ആരോപണവും കേസിലെ എഫ്.ഐ.ആറും നിലനില്‍ക്കില്ല. പണത്തിനുവേണ്ടി കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം വാദിച്ചു.

യുവതിയെ ബിനോയ് വിവാഹം കഴിച്ചുവെന്ന് പറയപ്പെടുന്ന ദിവസം ബിനോയ് മുംബൈയില്‍ ഉണ്ടായിരുന്നില്ല. ഗള്‍ഫിലായിരുന്നു. 2009 മുതല്‍ 2015 വരെ ഇരുവരും തമ്മില്‍ ബന്ധം ഉണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. 2019 നു മുമ്പ് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്നും ബിനോയ് കോടിയേരിക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ വാദിച്ചു.