യാത്രക്കാ‍ർ പെരുവഴിയിലാകും: കെഎസ്ആർടിസി നാളെ 500ലധികം സർവീസുകൾ റദ്ദാക്കും

single-img
30 June 2019

രണ്ടായിരത്തിലേറെ എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം. സുപ്രീം കോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ 2,108 എംപാനൽ ഡ്രൈവർമാരെയാണ് കെഎസ്ആർടിസി കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. ഇത് സംസ്ഥാനത്ത് ഉടനീളമുള്ള സർവീസുകളെ ബാധിച്ചു.

അവധി ദിനമായ ഇന്ന് തെക്കൻ കേരളത്തിൽ മാത്രം ഉച്ച വരെ 200ലേറെ സർവ്വീസുകൾ മുടങ്ങി. പ്രവൃത്തി ദിനമായ നാളെയാകും കടുത്ത പ്രശ്നം. നാളെ അവധിയായ ജീവനക്കാരോട് ഉടനത് റദ്ദാക്കി ജോലിക്ക് ഹാജരാകാൻ കെഎസ്‍ആർടിസി എംഡി നിർദേശം നൽകിയിട്ടുണ്ട്. നാളെയോടെ സംസ്ഥാനത്ത് 500ലധികം സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്നാണ് കെഎസ്ആർടിസി നൽകുന്ന വിവരം. ഇത് യാത്രാദുരിതം വർധിപ്പിക്കും.

പ്രതിസന്ധി മറികടക്കാൻ എന്തു ചെയ്യുമെന്നതിൽ സർക്കാറിനും ആശങ്കയുണ്ട്. പിരിച്ചുവിട്ടവരെ വീണ്ടും കരാ‍ർ അടിസ്ഥാനത്തിൽ തിരിച്ചുനിയമിക്കുന്നതിന്‍റെ സാധ്യത ഗതാഗതവകുപ്പ് പരിശോധിക്കുന്നുണ്ട്. അതേ സമയം പിഎസ്‍സി റാങ്ക് പട്ടികയിൽ നിന്നും താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ഡ്രൈവർമാർ നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഈ കേസിലെ കോടതി നിലപാട് കൂടി അറിഞ്ഞാകും തുടർനീക്കം. അതായത്, അതുവരെ കെഎസ്ആ‍ടിസിയിൽ കടുത്ത പ്രതിസന്ധിയുണ്ടാകുമെന്ന് ചുരുക്കം.

പിഎസ്‍സി റാങ്ക് പട്ടികയിലുള്ളവരുടെ പരാതിയിലാണ് 3,861 എംപാനൽ കണ്ടക്ടർമാർക്കു പിന്നാലെ ഡ്രൈവർമാരെയും പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടത്. സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകിയെങ്കിലും പിരിച്ചുവിടാൻ 30 വരെ സാവകാശം ലഭിച്ചതേയുള്ളൂ.