വേഷം മാറി പൊലീസ് പ്രാര്‍ഥനക്കെത്തി; പ്രവാസിയെ തട്ടിക്കൊണ്ടുപോയി അമ്പതുലക്ഷം തട്ടിയെടുത്ത ഗുണ്ടാനേതാവിനെ സിനിമാ സ്റ്റൈലില്‍ പിടികൂടി

single-img
28 June 2019

പ്രവാസി മലയാളിയെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തി അരക്കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിലായി. അനേകം ക്രിമനല്‍ കേസുകളിലെ പ്രതിയായ എറണാകുളം ഇരുമ്പനത്ത് താമസിക്കുന്ന മരിയനന്ദനയില്‍ ഷാരോണ്‍ (29) ആണ് പിടിയിലായത്. മഫ്ടിയില്‍ പിന്തുടര്‍ന്ന പൊലീസ് ഇടപ്പള്ളി പള്ളി പരിസരത്തുനിന്നാണ് സിനിമാ സ്റ്റൈലില്‍ ഇയാളെ സാഹസികമായി വലയിലാക്കിയത്.

2018 ഡിസംബറില്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിദേശമലയാളിയെ കോയമ്പത്തൂരിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി അരക്കോടി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. എന്‍.ഐ.എയിലെ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കാറില്‍ പൊലീസ് ബോര്‍ഡ്‌വെച്ച് തോക്കും ആയുധങ്ങളുമായാണ് അക്രമിസംഘം എത്തിയത്. കേസില്‍ നാലോളം പ്രതികളെ കൂടി പിടികൂടാനുണ്ട്.

രണ്ടുദിവസം മുമ്പേ ഷാരോണിന്റെ നീക്കം മനസ്സിലാക്കി ഇടപ്പള്ളി പള്ളിയില്‍ പ്രാര്‍ഥനക്കെത്തുന്നവര്‍ക്കിടയില്‍ മഫ്ടിയില്‍ പൊലീസ് സംഘം തങ്ങുന്നുണ്ടായിരുന്നു. പൊലീസ് നീക്കമറിയാന്‍ അനുയായികളുടെ സംഘം തന്നെ ഇയാള്‍ക്കുണ്ട്. ഇവര്‍ പരിസരം വീക്ഷിച്ച് സുരക്ഷിതത്വം ഉറപ്പു വരുത്തിയ ശേഷമാണ് സാധാരണ ഇയാള്‍ പുറത്തിറങ്ങുക. അതുകൊണ്ട് അതീവ രഹസ്യമായായിരുന്നു പൊലീസ് നടപടി. പള്ളി പരിസരത്തുവെച്ചാണ് ഇയാളെ കീഴടക്കിയത്.

എറണാകുളം ആലപ്പുഴ മേഖലയിലെ ഗുണ്ടാനേതാവാണ് ഷാരോണ്‍. കൊലപാതകം കൊലപാതകശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. കൊല്ലം കുണ്ടറയില്‍ കോളജ് പഠനകാലത്ത് അടിപിടിക്കേസില്‍ പ്രതിയായിരുന്ന ഇയാള്‍ 2015ല്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വേണുഗോപാല്‍ എന്നയാളെ വെട്ടിക്കൊന്നതോടെ കുപ്രസിദ്ധി നേടി. ഗുണ്ടകളായ മാക്കാന്‍ സജീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും, തൊപ്പി കണ്ണന്‍ എന്നയാളെ ആക്രമിച്ചതിനും കേസുണ്ട്. മറ്റൊരാളുടെ പേരില്‍ സിം കാര്‍ഡുകളെടുത്ത് കൊലപാതകം ആസൂത്രണം ചെയ്തതിനും കേസുകളുണ്ട്.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ നെറ്റ് കോളും വാട്ട്‌സ്ാപ്പ് കോളും ആണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ഇരിങ്ങാലക്കുട എസ്.ഐ. കെ.എസ്. സുബിന്ത്, എ.എസ്.ഐ. പി.കെ. ബാബു, എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്.